പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന്
ദില്ലി: പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മാര്‍ച്ച് 21ന് വോട്ടെണ്ണല്‍ നടക്കും. പിറവം എം.എല്‍.എയും മന്ത്രിയുമായിരുന്ന ടിഎം ജേക്കബ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22ന് പുറപ്പെടുവിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അന്നുമുതല്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി 29-ാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് ഒന്നിന് നടക്കും. മാര്‍ച്ച് മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു.
പിറവത്ത് ഇരു മുന്നണികളും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ടി.എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി.എം ജേക്കബിനെതിരെ മത്‌സരിച്ച എം.ജെ. ജേക്കബാണ് ഇക്കുറിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍ക്കായിരുന്നു ടി.എം.ജേക്കബ്, എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്. 2006ലെ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനെ എം.ജെ.ജേക്കബ് പരാജയപ്പെടുത്തിയിരുന്നു.
നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉപതിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്. അതേസമയം സര്‍ക്കാരിനെ കൂടുതല്‍ ദുര്‍ബലമാക്കാനുള്ള അവസരമായി കണ്ടാണ് എല്‍ഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്.












Click it and Unblock the Notifications