കപ്പലിലെ തോക്കുകള്‍ ഫൊറന്‍സിക് ലാബിലേക്ക്
കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സില്‍ നിന്നു പിടിച്ചെടുത്ത തോക്കുകള്‍ തിങ്കളാഴ്ച കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നു പരിശോധനക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് കൊണ്ടു പോകും.
ആറ് റൈഫിളുകളും രണ്ടു മൗണ്ടഡ് മെഷീന്‍ ഗണ്ണുകളും ചില രേഖകളുമാണു കണ്ടെത്തിയതെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറ്റാലിയന്‍ നിര്‍മിത വെറിറ്റ എആര്‍എക്‌സ് വിഭാഗത്തില്‍പ്പെട്ടവയാണു തോക്കുകള്‍. കപ്പലിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ആറ് ഇറ്റാലിയന്‍ മറീനുകളുടെയും ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ വരെ കപ്പലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ തോക്കുകളും മറ്റ് രേഖകളും ഫോര്‍ട്ടുകൊച്ചി ഹാര്‍ബര്‍ പൊലീസ് സ്‌റ്റേഷനില്‍ നാല് പെട്ടികളിലായാണ് സൂക്ഷിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ നിന്നു ലഭിച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്ത ഏത് തോക്കില്‍ നിന്നാണെന്ന് അറിയേണ്ടതുണ്ട്. ബാലിസ്റ്റിക് വിദഗ്ധര്‍ നടത്തുന്ന പരിശോധനയില്‍ ഇക്കാര്യം വ്യക്തമാകും.
ഇറ്റാലിയന്‍ അധികൃതരുടെ പത്ത് ദിവസം നീണ്ട കടുത്ത ചെറുത്തുനില്‍പ്പിനെ അതിജീവിച്ചാണ്
കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നാവികസേന, തീരസംരക്ഷണസേന, കസ്റ്റംസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം കപ്പലില്‍ തെരച്ചില്‍ നടത്തിയത്.












Click it and Unblock the Notifications