കപ്പലിടിച്ച് ബോട്ട് തകര്‍ന്നു; 2 മരണം
ആലപ്പുഴ: നീണ്ടകരയില്‍ നിന്നു കടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലിടിച്ച് തകര്‍ന്നു രണ്ട് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളായ സേവ്യര്‍, ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേരെ കാണാതായി. ഒരാളെ രക്ഷപെടുത്തി. ഏഴു പേരാണ് ബോട്ടിലുണ്ടായിരുന്നത്.
പരുക്കേറ്റവരുടെ നില ഗുരുതരമാണ്. എറണാകുളത്തിനും ആലപ്പുഴക്കും ഇടയില്‍ വെളുപ്പിന് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച കപ്പല്‍ ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡും നേവിയും സംഭവസ്ഥലത്തേക്ക് തിരിച്ചു. ആലപ്പുഴയില്‍ നിന്നു 50 നോട്ടിക്കല്‍ മൈല്‍ ദൂരെ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് സംഭവമെന്നറിയുന്നു.
ഞായറാഴ്ച നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ഡോണ്‍ എന്ന ബോട്ടാണ് കപ്പലിടിച്ച് തകര്‍ന്നത്. സമീപത്തു മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സംഘമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍, ജോസഫ് എന്നിവരെ തോട്ടപ്പള്ളി തീരത്തെത്തിച്ച ശേഷം അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശക്തികുളങ്ങര സ്വദേശി ജേക്കബ് ആന്റണിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഏതു കപ്പലുമായാണ് ബോട്ട് കൂട്ടിയിടിച്ചതെന്ന് അറിവായിട്ടില്ല. അപകടത്തില്‍പ്പെട്ട കപ്പല്‍ കണ്‌ടെത്തുന്നതിനായി കൊച്ചിയില്‍ നിന്നു നാവികസേനയുടെ പ്രത്യേക സംഘം പുറപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ച സംഭവത്തിനു ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് ദുരന്തം. അപകടത്തേക്കുറിച്ച് അന്വേഷിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തീരദേശസേന അറിയിച്ചു.












Click it and Unblock the Notifications