ഗോപി കോട്ടമുറിയ്ക്കലിനെ സിപിഎം പുറത്താക്കി

എറണാകുളം ജില്ലാകമ്മിറ്റി ഓഫീസിലെ ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് ജൂണ്‍ ആദ്യവാരം ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നത്. ഒളിക്യാമറ വിവാദം അന്വേഷിച്ച പാര്‍ട്ടിതല അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
എന്നാല്‍ ഇതിനുശേഷം ഗോപി ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും പാര്‍ട്ടി സംഘടിപ്പിച്ച പരിപാടികളിലും മുന്‍മന്ത്രി എസ്. ശര്‍മ്മ, മുന്‍ എം.പി. കെ. ചന്ദ്രന്‍പിള്ള , സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ഗോപി കോട്ടമുറിയ്ക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തത്.
ഗോപി കോട്ടമുറിക്കലിനെതിരെ കരുക്കള്‍ നീക്കിയെന്നാരോപിച്ച് പാര്‍ട്ടി നേതൃത്വം വിശദീകരണം ചോദിച്ചിരുന്ന ജില്ലാ കമ്മിറ്റി അംഗം പി.എസ്.മോഹനനെ തരംതാഴ്ത്താനും മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.പി. പത്രോസ്, ടി.കെ.മോഹനന്‍ എന്നിവരെ താക്കീത്‌ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരായിരുന്ന രമേഷ്, പ്രവീണ്‍ എന്നിവരെയും സസ്‌പെന്‍ഡ്‌ചെയ്യും. മറ്റൊരു ഓഫീസ് ജീവനക്കാരനായ രതീഷിനെ താക്കീത്‌ചെയ്യാനും സംസ്ഥാന സമിതി തിരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാനസമിതിയോഗത്തില്‍ പാര്‍ട്ടി എറണാകുളം ജില്ലാഘടകത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ചചെയ്തത്.












Click it and Unblock the Notifications