വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നത് മതസംഘടനകള്‍
വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതിക്കും അനഭിലഷണീയ പ്രവണതകള്‍ക്കും മതസംഘടനകള്‍ സമ്മര്‍ദ്ദഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നതാണ് കാരണം. മതപുരോഹിതന്മാരും മതവിഭാഗങ്ങളും രാഷ്ട്രീയത്തില്‍ ഇടപെട്ട് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ നേടുകയാണ്. വര്‍ഗ്ഗീയതയുടെ ചുവയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക അവസ്ഥയെ ആഴത്തില്‍ ഗ്രസിച്ചിരിക്കുകയാണ്. ബസാലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കത്തോലിക്കാ ബാവ പറഞ്ഞു. എസ്ഡിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ കച്ചവടത്തിനെതിരായുള്ള ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതവിഭാഗങ്ങള്‍ സ്ഥാപനവത്കരിക്കപ്പെട്ടു. അധികാരം സമ്പന്നര്‍ക്കുമാത്രമായി ചുരുങ്ങി. ഇതിലെല്ലാം മതപുരോഹിതന്മാരും മതസംഘടനകളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മതസമൂഹങ്ങളിലെ പാവങ്ങള്‍ക്കും അടിത്തട്ടിലുള്ളവര്‍ക്കും ഒരു അവകാശവും ലഭിച്ചിട്ടില്ല. അവരെ കൂടി വില്‍പ്പനച്ചരക്കാക്കിയാണ് സമ്പന്നര്‍ അവരുടെ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നവരെ തീവ്രവാദിയായും നക്‌സലൈറ്റായും മുദ്രകുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നു.
ആരു ഭരിച്ചാലും സമ്മര്‍ദ്ദം ചെലുത്തി വരേണ്യ വര്‍ഗ്ഗങ്ങള്‍ ആനുകൂല്യങ്ങള്‍ പറ്റുന്നു. മതവിഭാഗങ്ങളിലെ സമ്പന്ന പ്രമാണിമാര്‍ അവകാശങ്ങള്‍ കവരുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് ലഭ്യമല്ലാതെ പോകുന്നു. ഈ വിധത്തില്‍ സമ്മര്‍ദ്ദരാഷ്ട്രീയം കളിക്കുന്നവര്‍ക്കെതിരേ സത്യത്തിന്റെ രാഷ്ട്രീയം പറയാനും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ അവകാശങ്ങള്‍ പിടിച്ചുവാങ്ങാനും നീക്കമുണ്ടാവണം.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന സെക്രട്ടറി എല്‍ നടരാജന്‍, സംവരണസമുദായ മുന്നണി ട്രഷറര്‍ അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍മജീദ് ഫൈസി, ട്രഷറര്‍ സാംകുട്ടി ജേക്കബ്, സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന കമ്മിറ്റി അംഗം സിജി ഉണ്ണി, ജില്ലാ പ്രസിഡന്റ് കുന്നില്‍ ഷാജഹാന്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കരമന റസാഖ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications