സിനിമ നിര്‍മാതാവിനെ നടുറോഡില്‍ കൊന്നു
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നിര്‍മ്മാതാവിനെ ഗുണ്ടകള്‍, പട്ടാപ്പകല്‍ ബോംബെറിഞ്ഞും കുത്തിയും കൊന്നു. അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് സിനിമ വൈഗയുടെ നിര്‍മ്മാതാവ് പി.പി.ജി കുമരനെ (35)യാണ് 20ഓളം ഗുണ്ടകള്‍ ചേര്‍ന്ന് കൊന്നത്. ശ്രീപെരുപുത്തൂരിലെ ടൗണ്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ജനങ്ങള്‍ നോക്കി നില്‍ക്കെ ഗുണ്ടകള്‍ കാര്‍ തടഞ്ഞ്, നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷം ഇയാളെ കുത്തുകയായിരുന്നു. ബിസിനസുകാരനായ ഇയാള്‍ പിള്ളൈപ്പാക്കം പഞ്ചായത്തംഗം കൂടിയാണ്.
ഓഫീസിലേക്ക് പോകുന്നതിനിടെയാണ് കുമരനെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവിയ്ക്ക് കുറുകെ കാര്‍ കൊണ്ടുവന്ന് നിര്‍ത്തിയതിന് ശേഷം ബോംബെറിയുകായയിരുന്നു. കാര്‍ ഡ്രൈവറെ വെറുതെ വിട്ടെങ്കിലും കുമരന്റെ ബന്ധുവിനെ ഗുണ്ടകള്‍ ആക്രമിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമരനെയും ബന്ധു മതിലകനെയും പൊലീസെത്തിയാണ് ശ്രീപെരുമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുമരന്‍ മരിയ്ക്കുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ ബിസ്സിനസ്സ് രംഗത്തെ കുടപ്പകയാണെന്നാണ് പൊലീസിന്റെ നിഗമനം. രാഷ്ട്രീയ കാരണങ്ങളും കൊലയ്ക്ക് പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications