കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറിലേറെ മോഷണക്കേസിലെ പ്രതി പിടിയില്‍

  • By ഷിബു
Google Oneindia Malayalam News

കോഴിക്കോട് ഫറോക്ക് പേട്ടയില്‍ ഡോക്ടറുടെ വീട് കുത്തിതുറന്ന് 14 പവനും 60,000 രൂപയും കവര്‍ന്ന സംഭവമുള്‍പ്പെടെ നൂറിലേറെ മോഷണക്കേസുകളിലെ പ്രതി പൊലീസിന്റെ പിടിയിലായി.

Moshanam

മോഷ്ടാക്കള്‍ക്കിടയില്‍ ഷാലൂച്ചന്‍ എന്ന പേരിലറിയപ്പെടുന്ന പന്നിയങ്കര ചക്കുംകടവ് വാഴവളപ്പില്‍ വി സി സാലു എന്ന ഷാഹുല്‍ ഹമീദ് (42) ആണ് പൊലീസ് പിടിയിലായത്. ഫാറൂഖ് കോളജിനടുത്ത അമിഞ്ഞാത്തുകടവ് റോഡില്‍ വെച്ചാണ് ഷാഹുല്‍ ഹമീദിനെ പൊലീസ് പിടികൂടിയത്. കോളജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മയക്കുമരുന്ന് ഉപയോഗവും വില്പനയും മോഷണവും വിപുലപ്പെടുത്തിയ സംഘത്തിലെ തലവനാണ് ഷാഹുലെന്ന് നല്ലളം സി ഐ കെ കെ ബൈജു അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ഷാഹുല്‍ ഹമീദ് അതിന് പണം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് മോഷണം തനിച്ച് ആസൂത്രണം ചെയ്യാറുള്ളത്.

ഫറോക്ക് പേട്ട കൃഷ്ണകൃപയില്‍ ശിശുരോഗവിദഗ്ദന്‍ ഡോ. സി വി ശ്യാംകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഷാഹുല്‍ ഹമീദിനെ വലയിലാക്കിയത്. രണ്ടു നായ്ക്കളുള്ള റോഡരികിലെ വീട്ടില്‍ വീട്ടുകാരുള്ള സമയത്തുതന്നെ ഒരു ശബ്ദവുമുണ്ടാക്കാതെ മോഷണം നടന്നത് പൊലീസുദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരുന്നു. ഡോക്ടറും ഭാര്യ ഡോ. എന്‍ പി പദ്മജയും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന് ഡോക്ടറുടെ മകന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നത് ഷാഹുല്‍ തനിച്ചാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മോഷണത്തിന് മൂന്നു നാള്‍ മുന്‍പ് രാത്രിയില്‍ ഷാഹുലിനെ വഴിയില്‍ കണ്ടതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചത്. സംശയത്തെ തുടര്‍ന്ന് പൊലീസ് ഷാഹുലിനെ അയാളുടെ ഫോണ്‍ നമ്പറില്‍ വിളിച്ചു. ആദ്യം ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഇയാള്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു. രഹസ്യമായി ഷാഹുലിനെ നിരീക്ഷപ്പോള്‍ ധാരാളം പണം ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവും ഷാഹുലിന്റെ വിരലടയാളവും ഒന്ന് തന്നെയാണെന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോ ഉറപ്പിച്ചതോടെ ഷാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡോക്ടറുടെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട മുഴുവന്‍ സ്വര്‍ണവും നല്ലളം സി ഐ കെ കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തു. കമ്മത്ത് ലൈനിലെ ഒരു കടയില്‍ വിറ്റ സ്വര്‍ണ്ണവും വാഴയൂരിലെ വാടകവീട്ടില്‍ സൂക്ഷിച്ച ലാപ്‌ടോപ്പും പണവും ഫോണുകളും അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെടുക്കുകയായിരുന്നു. മോഷ്ടാക്കള്‍ക്കിടയില്‍ ഹീറോ ആയി അറിയപ്പെടുന്ന ഷാഹുല്‍ ഹമീദ് ഒരു ചെറിയ കമ്പിയും കൈകരുത്തും കൊണ്ട് ഏത് വാതിലും നിഷ്പ്രയാസം പൊളിക്കാന്‍ സമര്‍ത്ഥനാണെന്നാണ് പൊലീസ് ഭാഷ്യം. ഒറ്റയ്ക്ക് വീട്ടില്‍ കയറി ഉറങ്ങിക്കിടക്കുന്നവര്‍ അറിയാതെ മോഷണം നടത്തുന്നതില്‍ വിദഗ്ധനായ ഇയാള്‍ വീട്ടുകാര്‍ ഉണര്‍ന്നാല്‍ അവരെ ആക്രമിക്കാനും മടിച്ചിരുന്നില്ല.

നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലെയും കേസുകളില്‍ പ്രതിയായ ഷാഹുല്‍ ആറുമാസം മുമ്പാണ് കവര്‍ച്ചാകേസില്‍ ജാമ്യം നേടി ഇറങ്ങിയത്. ഒറ്റയ്ക്കാണ് പലപ്പോഴും കവര്‍ച്ച നടത്താറുള്ളതെങ്കിലും ജംഷീല്‍ എന്നയാളുമായി ചേര്‍ന്ന് ചില മോഷണങ്ങളും ഷാഹുല്‍ നടത്തിയിട്ടുണ്ട്. പന്നിയങ്കരയില്‍ വീടിന്റെ വാതില്‍പൊളിച്ച് നടത്തിയ കവര്‍ച്ച ഇതിലൊന്നാണ്. മയക്കുഗുളിക വിറ്റ കേസില്‍ കുന്ദമംഗലം പൊലീസ് പിടികൂടിയ ജംഷീല്‍ ഇപ്പോള്‍ ജയിലിലാണ്. കോളജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കഞ്ചാവും മയക്കുമരുന്നും നല്‍കി ഷാഹുല്‍ കളവിന് പ്രേരിപ്പിക്കാറുണ്ടെന്ന് പൊലീസ് അറിയിച്ചു.

English summary
Thief arrested in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X