മംഗലാപുരം: സ്വകാര്യ മത്സ്യസംസ്‌കരണ ഫാക്ടറിയിലുണ്ടായ അമോണിയ ചോര്‍ച്ചയെത്തുടര്‍ന്ന് ഫാക്ടറിയിലെ എസി മെക്കാനിക്ക് മരിച്ചു. മറ്റ് രണ്ട് ജീവനക്കാരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ബദിയഡുക്ക മാടത്തടുക്കയിലെ അബ്ദുല്‍റഹ്മാന്റെ മകന്‍ മുഹമ്മദ് റിയാസ് (22) ആണ് മരിച്ചത്. ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഉള്ളാള്‍ കോട്ടേക്കാര്‍ സ്വദേശി ഹനീഫ (23), കുമ്പള സ്വദേശി സങ്കേത് (23) എന്നിവരെ ഗുരുതരാവസ്ഥയില്‍ മംഗലാപുരം ദേര്‍ളക്കട്ട കെ എസ് ഹെഗ്‌ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉള്ളാള്‍ സ്വദേശി നടത്തുന്ന മംഗലാപുരം കൊണാജെ എലിയാര്‍പദവിലെ ഇന്റോ ഫിഷറിസ് കമ്പനിയില്‍ ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന മൂന്നുപേരും പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. കമ്പനിയിലുണ്ടായിരുന്ന മറ്റു ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് അപകടകാരണം അമോണിയ വാതകച്ചോര്‍ച്ചയാണെന്ന് മനസിലായത്. ബോധരഹിതരായി വീണ മൂന്നുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിയാസിനെ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് വാതകം നിര്‍വീര്യമാക്കിയത്.