സ്‌ഫോടനം: പരിക്കേറ്റയാളെ ചോദ്യം ചെയ്തു
ഹൈദരാബാദ്: ദില്‍സുഖ് നഗറില്‍ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ മിര്‍സ അബ്ദുല്‍ വാസയെ പൊലീസ് ചോദ്യം ചെയ്തു. നെഞ്ചില്‍ പരിക്കേറ്റ മിര്‍സ ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 2007 ല്‍ ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലും അബ്ദുല്‍ മിര്‍സക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തില്‍ നഗരത്തില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് ചോദ്യം ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.
എന്നാല്‍ വാര്‍ത്ത പൊലീസ് നിഷേധിച്ചു. സ്‌ഫോടനത്തിന്റെ ദൃസാക്ഷി എന്ന നിലയിലാണ് അബ്ദുല്‍ മിര്‍സയെ ചോദ്യം ചെയ്തതെന്നും അയാളുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഹൈദരബാദ് പൊലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ പറഞ്ഞു. കേസില്‍ അബ്ദുല്‍ മിര്‍സയെ സംശയിക്കുന്നില്‌ളെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന്റെ ഭാഗമായി നിരവധിപേരെ ചോദ്യം ചെയ്യേണ്ടി വരും. ദൃക്‌സാക്ഷികളും ഇരകളുമെല്ലാം അക്കൂട്ടത്തിലുണ്ടാകും. എന്നാല്‍ പ്രതിയെന്ന രീതിയില്‍ ചോദ്യം ചെയ്‌തെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അതില്‍ യാതൊരു അടിസ്ഥാനവുമില്ല. ദില്‍സുഖ്‌നഗര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഏതൊരു ചെറിയ തെളിവും അന്വേഷണത്തില്‍ നിര്‍ണായകമാകും അനുരാഗ് ശര്‍മ പറഞ്ഞു.

മെക്കാ മസ്ജിദ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മിര്‍സ ദീര്‍ഘനാളത്തെ ചികിത്സക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചത്തെിയത്. 2007 മേയ് 18ന് മക്ക മസ്ജിദിന് സമീപം നടന്ന സ്‌ഫോടനത്തില്‍ നിന്ന് തലനാരിഴക്കാണ് വസി രക്ഷപ്പെട്ടത്. അതിന്റെ പരിക്ക് ഉണങ്ങാന്‍ ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവന്നു. വീണ്ടും ജീവിതത്തില്‍ സജീവമാകുന്നതിനിടെയാണ് കഴിഞ്ഞദിവസത്തെ സ്‌ഫോടനത്തില്‍ പെടുന്നത്. ഇതെല്ലാം വിധിയാണെന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വസി പറയുന്നത്.
ഇത്തവണ വസിക്ക് നെഞ്ചിന് കനത്ത പരിക്കുണ്ട്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. ബോംബ് പൊട്ടുമ്പോള്‍ ദില്‍സുഖ് നഗറിലെ ചെരിപ്പുകടയില്‍ ജോലിയിലായിരുന്നു വസി. കാതടപ്പിക്കുന്ന ശബ്ദം മാത്രം ഓര്‍മയിലുണ്ട്. ആരാണ് ആശുപത്രിയിലത്തെിച്ചതെന്ന് ഓര്‍മയില്ല. ജീവന്‍ രക്ഷിച്ചതിന് ദൈവത്തിന് നന്ദി. പക്ഷേ, അക്രമികള്‍ ഇതില്‍ നിന്ന് പിന്മാറണം. മരിച്ചുവീഴുന്നവര്‍ നിരപരാധികളാണെന്ന് അവര്‍ അറിയണം വസി പറഞ്ഞു. 16 പേരുടെ മരണത്തിനും 120 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ വ്യാഴാഴ്ചത്തെ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications