മദ്യപരുടെ അപകടം,കുടിയന്മാര്‍ സമ്മേളനം ചേര്‍ന്നു
ആറ്റിങ്ങല്‍: വിളിക്കാതെ വിളിച്ചു ചേര്‍ത്തൊരു മദ്യപാനിസമ്മേളനം വ്യാഴാഴ്ച രാത്രി പത്തു മണിക്ക് ആലംകോട് റോഡില്‍ വച്ചു നടന്നു. സമ്മേളനത്തില്‍ നാട്ടുകാര്‍ക്കൊപ്പം പൊലീസുകാരും ഇലക്ട്രിസിറ്റി ഓഫീസേഴ്‌സും പങ്കെടുത്തു. കാര്യം പിടികിട്ടിയില്ലല്ലേ? മദ്യപാനികള്‍ക്കും സമ്മേളനമോ എന്നല്ലേ?
വ്യാഴാഴ്ച്ച രാത്രി ആലംകോട് നടന്നത് മദ്യപാനികളുടെ സമ്മേളനം തന്നെയായിരുന്നു. മദ്യപിച്ച ലക്കുകെട്ട് കാര്‍ ഓടിച്ചു വന്ന നാലു പേര്‍ വണ്ടി ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചതോടു കൂടിയാണ് സമ്മേളനം ആരംഭിച്ചത്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് കാറിനു മുകളില്‍ വീണു. ഉടനെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ ഇറങ്ങാന്‍ കഴിയാതെ കാറിലുള്ളില്‍പെട്ടു പോയി.
ശബ്ദം കേട്ട് ഓടിയെത്തിയവരില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നു. അതിലാരോ വിളിച്ചു പറഞ്ഞതനുസരിച്ച് ഇലക്ട്രിസിറ്റി ഓഫീസേഴ്‌സിനെ വിവരമറിയിച്ചു. ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും മൂന്നുപേര്‍ എത്തിയെങ്കിലും മദ്യപിച്ചതു കാരണം അവര്‍ മാറി നിന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. അവരും നല്ല വെള്ളത്തിനായിരുന്നു. അതോടെ സമ്മേളനം അജണ്ടയിലേക്ക് കടന്നു.
ഒടുക്കം സിഐ എത്തി. മദ്യപിച്ചിട്ടാണോ എന്തോ അദ്ദേഹവും ജീപ്പില്‍ നിന്നിറങ്ങിയില്ല. മുന്നു പൊലീസുകാര്‍ പുറത്തിറങ്ങി നാട്ടുകാരോട് സംഭവം തിരക്കി ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. 12 മണിയോടെ സ്ഥലത്തെത്തിയ ബോധമുള്ള ഫയര്‍ഫോഴ്‌സും ഒരു ഓവര്‍സിയറുമാണ് സമ്മേളനത്തിന് സമാപനം കുറിച്ചത്.












Click it and Unblock the Notifications