ആലപ്പുഴയിൽ 40,000 കിലോ വരുന്ന തിമിംഗലത്തെ സംസ്‌കരിച്ചു; ചിലവ് 4 ലക്ഷം, ദഹിപ്പിക്കാൻ 30 ടൺ വിറക്
ആലപ്പുഴ: ഒറ്റമശ്ശേരി കടൽ തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡം മറവ് ചെയ്യാൻ ചിലവായത് നാല് ലക്ഷമി രൂപയോളം. കടുത്തുരുത്തിയിൽ നിന്നെത്തിയ സംഘമാണ് തിമിംഗലത്തെ മറവ് ചെയ്‌തത്. ഏകദേശം 35,000 മുതൽ 40,000 വരെ തൂക്കമുണ്ടെന്ന കരുതപ്പെടുന്ന തിമിംഗലത്തെ ജഡം സംസ്‌കരിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഒടുവിൽ രണ്ട് ദിവസത്തെ കഠിന പ്രയത്നത്തിന് ഒടുവിലാണ് ഇതിന് സാധിച്ചത്.
കരയ്ക്കടിഞ്ഞ ഭീമൻ നീലത്തിമിംഗലത്തിന്റെ ജഡം മൂന്ന് ഭാഗങ്ങളാക്കി മുറിച്ചാണ് സംസ്‌കരിച്ചത്. അതിൽ തന്നെ ഒരുഭാഗം അർത്തുങ്കൽ ഹാർബറിൽ കുഴിച്ചിടുകയും ബാക്കി രണ്ട് ഭാഗങ്ങൾ ദഹിപ്പിക്കുകയും ചെയ്യുകയായിരുന്നു. കടുത്തുരുത്തി സ്വദേശി ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദഹിപ്പിച്ചത്.

ഏഴ് മീറ്ററോളം നീളമുള്ള ഭീമൻ തിമിംഗലമായിരുന്നു ഇത്. സെപ്റ്റംബർ 30നാണ് തിമിംഗലം കരയ്ക്കടിഞ്ഞത്. ശേഷം വലിയ വടങ്ങൾ കെട്ടിവലിച്ചും 20 ടൺ ശേഷിയുള്ള രണ്ട് ക്രെയിനുകൾ എത്തിച്ചുമാണ് ഇതിനെ കരയ്‌ക്കെത്തിച്ചത്. പിന്നീട് വെറ്റിനറി സർജൻ എത്തി പോസ്‌റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
ശ്വാസ തടസം മൂലമാണ് തിമിംഗലം മരണപ്പെട്ടതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ഇതിനെ സംസ്‌കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളാക്കി മുറിച്ച ശേഷം രണ്ട് ഭാഗങ്ങൾ വിറകും മറ്റും ഉപയോഗിച്ച് വിദഗ്‌ധ പരിശീലനം നേടിയവർ ദഹിപ്പിക്കുകയായിരുന്നു. ഇതിനായി മുപ്പത് ടേൺ വിറക് ചിലവായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൂടാതെ പതിനഞ്ച് കുറ്റിയോളം ഗ്യാസ് സിലിണ്ടറും മൂന്ന് ടൺ ചിരട്ടയും ചിലവായെന്നാണ് റിപ്പോർട്ടുകൾ. പത്തിലധികം തൊഴിലാളികളുടെ സഹായത്തോടെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ഇതിനാണ് ആകെ നാല് ലക്ഷം രൂപ ചെലവായത്. ആലപ്പുഴയിൽ ഇത് ആദ്യമായല്ല ഇത്തരത്തിൽ തിമിംഗലങ്ങളുടെ ജഡം കരയ്ക്ക് വന്നടിയുന്നത്.
അതിനിടെ തിമിംഗലത്തിന് പിന്നാലെ ആലപ്പുഴ കടപ്പുറത്ത് ഒരു കടലാമയും അടുത്തിടെ ചത്തടിഞ്ഞിരുന്നു. ബുധനാഴ്‌ചയാണ് കടലാമയുടെ ജഡം ആലപ്പുഴ ബീച്ചിൽ കണ്ടെത്തിയത്. റാന്നിയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം അവിടെ തന്നെ മറവ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷവും സമാനമായി ആലപ്പുഴ കടൽതീരത്ത് കടലാമയുടെ ജഡം കണ്ടെത്തിയിരുന്നു. അഴുകിയ നിലയിൽ ആയതിനാൽ കടലാമയുടെ പ്രായം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ തന്നെ മറ്റൊരിടത്ത് ഭീമൻ തിമിംഗലം കരയ്ക്ക് അടിഞ്ഞതിന് പിന്നാലെയാണ് കടലാമയുടെ ജഡവും അധികം ദൂരെയല്ലാതെ കണ്ടത്തിയത്.












Click it and Unblock the Notifications