7 മാസം, 6 കൊലപാതകങ്ങൾ; ഇരയായി നവജാത ശിശുക്കൾ മുതൽ വയോധികർ വരെ, ആലപ്പുഴ ഞെട്ടലിൽ
ആലപ്പുഴ: കഴിഞ്ഞ ഏഴ് മാസത്തോളമായി തുടർച്ചയായി സമാന രീതിയിലുള്ള ആറ് കൊലപാതക വാർത്തകൾ കേൾക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആലപ്പുഴ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇക്കാലയളവിൽ നടന്ന കൊലപാതകങ്ങളിൽ ആറെണ്ണത്തിനും സമാന സ്വഭാവമുണ്ടായിരുന്നു. ഈ കേസുകളിൽ എല്ലാം പ്രതികൾ പിടിയിലായിട്ടുണ്ടെങ്കിലും അടിക്കടി ഉണ്ടാവുന്ന ഇത്തരം വാർത്തകൾ ശരിക്കും ആലപ്പുഴയെ വേട്ടയാടുകയാണ്.
കഴിഞ്ഞ ദിവസം കരൂരിൽ നിന്ന് വിജയലക്ഷ്‌മിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി മാറിയത്. ഏറ്റവും സങ്കടകരമായ വസ്‌തുത എന്തെന്നാൽ ഈ പട്ടികയിൽ നവജാത ശിശുക്കൾ വരെയുണ്ട്. വയോധികരും കൊടുംക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. അമ്പലപ്പുഴയിലേത് ഇക്കൂട്ടത്തിലെ അവസാനത്തേത് മാത്രമാണ്.

ഓരോ കൊലപാതകത്തിന് പിന്നിലും ചുറ്റിപ്പറ്റി നിൽക്കുന്ന ദുരൂഹതയും ആളുകളുടെ ഉറക്കം കെടുത്തുകയാണ്. ദൃശ്യം എന്ന ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ഇറങ്ങിയതിന് ശേഷം കൊന്ന് കുഴിച്ചുമൂടുന്ന സംഭവങ്ങളെ പൊതുവെ ദൃശ്യം മോഡൽ കൊലപാതകങ്ങൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
ഏറ്റവും ഒടുവിൽ കൊലപാതകം നടത്തിയ ജയചന്ദ്രൻ ദൃശ്യം സിനിമ ആറ് വട്ടം കണ്ടുവെന്നാണ് പോലീസ് റിപ്പോർട്ട്. ഇയാൾ സുഹൃത്തായ വിജയലക്ഷ്‌മിയെ കരൂരിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള വീടിന്റെ അടുത്തായി കുഴിച്ചിടുകയായിരുന്നു. ബാക്കിയുള്ള അഞ്ച് കൊലപാതകങ്ങളും ഏതാണ്ട് സമാനമായ രീതിയിലാണ് നടന്നത്.
ഏപ്രിൽ മാസത്തിൽ കൊല്ലപ്പെട്ട റോസമ്മ, ഓഗസ്‌റ്റ് മാസത്തിൽ വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ അമ്മയും കുഞ്ഞും കൊലപ്പെടുത്തിയ കേസ് എന്നിങ്ങനെ പട്ടിക നീളുന്നു. ഇതിൽ എല്ലാ പ്രതികളെയും സംഭവം നടന്നതിന് ശേഷം വൈകാതെ തന്നെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നു. സെപ്റ്റംബർ മാസത്തിലും നവജാത ശിശുവിനെ കൊന്ന കുഴിച്ചുമൂടിയ സംഭവം ഉണ്ടായിരുന്നു.
ഇതിന് പുറമേ എറണാകുളം കടവന്ത്ര സ്വദേശിയായ സുഭദ്രയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം കലവൂരിലെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തുകയുണ്ടായി. കേസിൽ സുഭദ്രയുടെ സുഹൃത്തായ ശർമ്മിള, ഭർത്താവ് മാത്യൂസ് എന്നിവർ പിടിയിലായിരുന്നു.
കൂടാതെ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തിയതാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ഉണ്ടായി. ഒരു മദ്യപാന സദസിലുണ്ടായ തുറന്ന് പറച്ചിലാണ് ഒന്നര പതിറ്റാണ്ടിന് ശേഷം കേസ് തെളിയാൻ കാരണമായത്. ചെന്നിത്തല ഇരമത്തൂർ മീനത്തേതിൽ കലയാണ് കൊല്ലപ്പെട്ടത്, കേസിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.












Click it and Unblock the Notifications