ശസ്ത്രക്രിയയ്ക്ക് ശേഷം പഞ്ഞിക്കെട്ട് വയറ്റില്‍ മറന്നുവച്ചു; ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ പരാതി
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവ്. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട് മറന്നുവച്ച് തുന്നിക്കെട്ടിയതായി പരാതി. ചമ്പക്കുളം സ്വദേശിയായ യുവതിയുടെ വയറ്റിലാണ് പഞ്ഞിക്കെട്ട് മറന്നുവച്ചത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെയുള്ള ലക്ഷ്മിയുടെ കുടുംബത്തിന്റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. പ്രസവത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയ ലക്ഷ്മി പ്രസവം കഴിഞ്ഞ് ഒരു മാസമായിട്ടും ആശുപത്രി വിട്ടിട്ടില്ല. കഴിഞ്ഞ മാസം 18ന് ആയിരുന്നു ലക്ഷ്മിയുടെ സിസേറിയന്‍.

യുവതി ആദ്യമായാണ് പ്രസവിക്കുന്നത്. പ്രസവത്തിന് നാലാം ദിവസം ഡിസ്ചാര്‍ജായ ലക്ഷ്മിയുടെ തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പിറ്റേ ദിവസം തന്നെ പഴുപ്പ് ഒലിച്ചിറങ്ങാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയറ്റില്‍ പഞ്ഞിക്കെട്ട് ഉണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ ഒരു തരത്തിലും സമ്മതിച്ച് തന്നില്ല. തുടര്‍ന്ന് തുന്നിക്കെട്ടിയ ഭാഗത്ത് പഴുപ്പിനും വേദനയ്ക്കും ചികിത്സ നല്‍കുകയായിരുന്നു.
ഈ മാസം ആറിന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചെന്ന വിവാഹം ഉയര്‍ന്നിരുന്നു. ചികിത്സ പിഴവിനെ തുടര്‍ന്നാണ് മരണം എന്നാണ് ആരോപണം. ഇതേ ദിവസം തന്നെ ലക്ഷമിയുടെ വയര്‍ വീണ്ടും തുന്നുക്കെട്ടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. രണ്ട് സ്റ്റിച്ച് മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മുഴുവനായി തുന്നിക്കെട്ടുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് ഐസിയുവിലായിരുന്ന ലക്ഷമിയെ ഇന്നലെ രാവിലെ വാര്‍ഡിലേക്ക് മാറ്റി.
അതേസമയം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവില്ലെന്ന് അന്വേഷണകമ്മിഷന്‍ അറിയിച്ചിരുന്നു. കൈനകരി കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണയും പെണ്‍കുഞ്ഞും മരിച്ച സംഭവത്തിലാണ് അന്വേഷണകമ്മിഷന്റെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാര്‍ക്ക് സൗമ്യസ്വഭാവം വേണമെന്നും അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 17 വര്‍ഷം പരിചയമുള്ളവരുടെ മേല്‍നോട്ടത്തിലാണ് പ്രസവം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications