നവജാതശിശുവിനെ വളര്‍ത്താന്‍ നല്‍കിയതല്ല, അമ്മയുടെ അറിവോടെ ആണ്‍സുഹൃത്ത് കൊന്നു
ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തി എന്ന് പൊലീസ്. കുഞ്ഞിന്റെ മൃതദേഹം അമ്മയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ആശയേയും സുഹൃത്ത് രതീഷിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രതീഷിന്റെ പള്ളിപ്പുറത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
വീടിന്റെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രതീഷും ആശയും സൗഹൃദത്തിലായിരുന്നു എന്നാണ് വിവരം. നേരത്തെ കുഞ്ഞിനെ വളര്‍ത്താന്‍ സാഹചര്യമില്ലാത്തതിനാല്‍ മറ്റൊരാള്‍ക്ക് കൈമാറി എന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നുണയാണ് എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് യുവതിയേയും സുഹൃത്തിനേയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നായിരുന്നു യുവതി പറഞ്ഞത്. സാമ്പത്തിക പ്രശ്‌നം മൂലമാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലുള്ളവര്‍ക്ക് നല്‍കിയത് എന്നാണ് യുവതി പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ ഷില്‍ജ പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് ആശാ വര്‍ക്കറാണ് ചേര്‍ത്തല പൊലീസില്‍ പരാതിപ്പെട്ടത്. ആഗസ്റ്റ് 25 നാണ് യുവതി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റാകുന്നത്.
പിറ്റേദിവസം പ്രസവിക്കുകയും 31 ന് ആശുപത്രി വിടുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞുണ്ടായിരുന്നില്ല. ആശാ വര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാനും യുവതി തയ്യാറായില്ല. ഇതോടെ ആശ വര്‍ക്കര്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു. ആദ്യം പൊലീസിനോടും കുഞ്ഞിനെ മറ്റൊരാള്‍ക്ക് വളര്‍ത്താനേല്‍പ്പിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണ് എന്ന് രതീഷ് സമ്മതിച്ചു. പിന്നാലെ പൊലീസ് ഇവിടെ എത്തി വീടിന് ചുറ്റും പരിശോധന നടത്തി. കുഞ്ഞിനെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു എന്നാണ് രതീഷ് പൊലീസിന് മൊഴി നല്‍കിയത്. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെയാണ് നിര്‍ത്തിയിരുന്നതെന്നും വിവരമുണ്ട്.
ഇത് രതീഷാണ് എന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കള്‍ക്കും യുവതിയുടെ ഭര്‍ത്താവിനും ആശ ഗര്‍ഭിണിയാണ് എന്ന് അറിയില്ലായിരുന്നു എന്നാണ് വിവരം. യുവതിക്ക് മറ്റു രണ്ട് മക്കളുണ്ട്.












Click it and Unblock the Notifications