'പിസി ചാക്കോ വന്നതോടെ പാര്‍ട്ടിയുടെ കഷ്ടകാലം തുടങ്ങി': തോമസ് കെ തോമസ്; എന്‍സിപിയില്‍ ഭിന്നത
ആലപ്പുഴ: ആലപ്പുഴ എന്‍ സി പി ജില്ലാ പ്രസിഡന്റുമാരെ നിയോഗിച്ചതോടെ പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായി. പി സി ചാക്കോയും കുട്ടനാട് എം എല്‍ എ തോമസ് കെ തോമസും തമ്മിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. കുട്ടനാട് സീറ്റ് ഇല്ലാതാക്കാന്‍ പി സി ചാക്കോ ശ്രമിക്കുകയാണെന്നാണ് തോമസ് കെ തോമസ് ആരോപിക്കുന്നത്. പി സി ചാക്കോ പാര്‍ട്ടിയില്‍ എത്തിയതോടെ എന്‍ സി പി ദുര്‍ബലപ്പെട്ടെന്നും തോമസ് കെ തോമസ് ആരോപിച്ചു.
പി സി ചാക്കോ പ്രസിഡന്റായി ചുമതലറ്റേത് മുതല്‍ സംസ്ഥാന എന്‍ സി പിയില്‍ ഭിന്നത രൂക്ഷമാണെന്നാണ് ആക്ഷേപം. ഇത് ആലപ്പുഴയിലെ പാര്‍ട്ടിയിലും ശക്തമാണ്. സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ പ്രസിഡന്റായി നിയോഗിച്ചത് സാദത്ത് ഹമീദിനെയാണ് എന്നാല്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചത് മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ് കുമാറിനെയാണ്.

രണ്ട് പേര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പോസ്റ്റകളും പുറത്തിറക്കിയിട്ടുണ്ട്. താന്‍ ശരദ് പവാറിന്റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയുമെന്ന മനോഭാവമാണ് പി സി ചാക്കോയ്ക്കുള്ളതെന്ന് തോമസ് കെ തോമസ് ആഞ്ഞടിച്ചു. പി സി ചാക്കോ ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. പാര്‍ട്ടിക്ക് ഒരു മന്ത്രിയും എം എല്‍ എയും ഉണ്ടെന്ന് കണ്ട് വന്നതാണ്. ഔദാര്യത്തിന് കയറി വന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അദ്ദേഹം കയറി വന്നത്. ശരദ് പവാറാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലക്കാണ് ഞങ്ങള്‍ അദ്ദേഹത്തെ മാനിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ വന്ന് കഴിഞ്ഞ ശേഷം തന്നിഷ്ടം പോലെയാണ് പ്രവര്‍ത്തനം. ഇഷ്ടമുള്ളവരെ സ്ഥാനങ്ങളില്‍ നിയമിക്കുകയാണ്.
എംഎല്‍എമാരോടും ആലോചിക്കുന്നില്ല. ചാക്കോ വന്നത് മുതല്‍ ചാക്കോയ്ക്ക് സൗകര്യമുള്ളവര്‍ക്കാണ് പദവികള്‍ നല്‍കുന്നത്. എന്നോട് സംസാരിച്ചതിന്റെ പേരില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അടക്കം ഭാരാവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി. ഒരു ജനാധിപത്യവും പാര്‍ട്ടിയില്‍ ഇല്ല. ഹിറ്റലര്‍ സ്‌റ്റൈല്‍ ഈ പാര്‍ട്ടിയില്‍ നടക്കില്ലെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.
ചാക്കോ വരുന്നതിന് മുമ്പ് താന്‍ എന്‍ സി പിയിലുണ്ട്. എ കെ ശശീന്ദ്രന്റെയും തന്റെയും വിജയങ്ങള്‍ക്ക് പിന്നില്‍ ചാക്കോയുടെ ഒരു സഹായവും ഇല്ല. അങ്ങനെ ഒരാള്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്ന് ധാര്‍ഷ്ഠ്യം കാണിക്കരുത്. പാര്‍ട്ടിയിലെ ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തോട് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ശരദ് പവാറുമായും സുപ്രിയ സുലെയുമായും പ്രഫുല്‍ പട്ടേലുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications