ഇടുങ്ങിയ വഴിയിൽ ഓവർടേക്ക്, ബാരിക്കേഡുകൾ ഇടിച്ചു തകർത്ത് കെഎസ്ആർടിസി ബസ്; യാത്രക്കാർക്ക് പരിക്ക്
ആലപ്പുഴ: ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ സൂചനക്കായി വച്ച ബാരിക്കേഡുകളിൽ ഇടിച്ചുകയറി കെഎസ്ആർടിസി ബസ്. ബസിന് കാര്യമായ കേടുപാടുകൾ ഉണ്ടായെങ്കിലും യാത്രക്കാർ അധികം പരിക്കില്ലാതെ രക്ഷപ്പെട്ടു. ചില യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുന്ന കെസ്ആർടിസിസി ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡ് പണി നടക്കുന്നതിനാൽ തന്നെ ഇവിടെയൊക്കെ ഗതാഗത നിയന്ത്രണവും മറ്റും ഏർപ്പെടുത്തിയിരുന്നു. എന്നാൽ അത് കണക്കിലെടുക്കാതെ ഇടുങ്ങിയ വഴിയിലൂടെ വാഹനം ഓവർടേക്ക് ചെയ്‌ത് മുന്നോട്ട് എടുക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ ബാരിക്കേഡുകളിൽ ബസ് ഇടിച്ചുകയറിയത്. ചെറിയ വ്യത്യാസത്തിനാണ് വലിയ ദുരന്തം ഒഴിവായത്.

എടത്വ ഡിപ്പോയിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ചില്ലിനും വലതുഭാഗത്തെ ബോഡിക്കും കാര്യമായി കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇരുമ്പ് ബാരിക്കേഡുകളിലേക്ക് ഇടിച്ചുകയറി ശേഷം അതിന്റെ മുകളിലായാണ് ബസ് നിന്നത്. ദേശീയ പാതയിൽ പണി പുരോഗമിക്കുന്നതിന് ഇടയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
അതേസമയം, ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ മറ്റൊരു വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. കെഎസ്ആർടിസി ബസ് തന്നെയായിരുന്നു അപകടം ഉണ്ടാക്കിയത്.ആലപ്പുഴ ചേർത്തലയിൽ വച്ചായിരുന്നു ഈ അപകടമുണ്ടായത്. കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ് ബസായിരുന്നു അപകടമുണ്ടാക്കിയത്.
ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. കഞ്ഞിക്കുഴി ആയിരം തൈയിൽ മുരുകേഷ് (43) ശിവകുമാർ (28) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. കെഎസ്ആർടിസി ബസ് യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ചെന്ന് ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട് പേരും തമിഴ്‌നാട് സ്വദേശികളാണ്. പെയിന്റിംഗ് തൊഴിലാളികളായിരുന്നു അവർ.
കഴിഞ്ഞ ദിവസം തുറവൂരിൽ ടാങ്കർ ലോറിക്ക് അടിയിൽപ്പെട്ട് ബെവ്‌കോ ജീവനക്കാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രഞ്ജിത്ത് കുമാറാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ദിവസത്തിനിടെ ജില്ലയിൽ മൂന്ന് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായിരിക്കുന്നത്.
അതേസമയം, ദേശീയ പാതയ്ക്ക് പുറമേ ജില്ലയിലെ എംസി റോഡിലും അപകടം പതിവാണ്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനിടയിൽ അധികം വളവുകളും തിരിവികളും ഒന്നും കൂടാതെയുള്ള റോഡിലൂടെ വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതാണ് പ്രധാനമായും അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. പ്രധാന ജങ്ക്ഷനുകളിൽ മുന്നറിയിപ്പ് സംവിധാനം പോലുമില്ലാത്തതാണ് ഇപ്പോഴത്തെ സംവിധാനം.












Click it and Unblock the Notifications