കൊവിഡ് നിയന്ത്രണം: ആലപ്പുഴയില്‍ ഒരു ബൂത്തില്‍ പരമാവധി വോട്ടര്‍മാര്‍ 1000
ആലപ്പുഴ: ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. സുതാര്യവും നീതി പൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ഏപ്രില്‍ 6 ന് രാവിലെ ഏഴ് മണിമുതല്‍ രാത്രി ഏഴ് മണിവരെയാണ്. ഇതില്‍ വൈകിട്ട് ആറ് മുതല്‍ ഏഴ് മണിവരെ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്.

കോവിഡ് മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുക. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 60 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അരൂര്‍-9, ചേര്‍ത്തല-8, ആലപ്പുഴ-6, അമ്പലപ്പുഴ-6, കുട്ടനാട്-5, ഹരിപ്പാട്-5, കായംകുളം-8, മാവേലിക്കര-6, ചെങ്ങന്നൂര്‍-7 വീതം സ്ഥാനാര്‍ഥികളുണ്ട്. ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് പൊതു നിരീക്ഷകരെയും മൂന്ന് ചെലവ് നിരീക്ഷകരെയും ഒരു പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഒരു പോളിങ് ബൂത്തില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1000 ആക്കിയിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1705 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2643 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 938 അഡീഷണല്‍ ഓക്സിലറി ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ഥല പരിമിതിയുള്ള 30 ഇടത്ത് താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മിച്ചാണ് ഓക്സിലറി പോളിങ് ബൂത്തുളാക്കിയത്. ജില്ലയില്‍ 9 വീതം സ്ത്രീ സൗഹൃദ, മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ 151 സെന്‍സിറ്റീവ് പോളിങ് ബൂത്തുകളും 50 ക്രിറ്റിക്കല്‍ പോളിങ് ബൂത്തുകളും ഉണ്ട്. ക്രിറ്റിക്കല്‍ പോളിങ് ബൂത്തുകളില്‍ 103 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി. ക്യാമറയും കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. പോളിങ് സുഗമമാക്കുന്നതിനായി 261 സെക്ടറല്‍ ഓഫീസര്‍മാരെ മജിസ്റ്റീരിയല്‍ അധികാരത്തോടെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം 1206 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത് നിയന്ത്രിക്കുന്നതിനുള്ള കണ്‍ട്രോള്‍റൂം കളക്ട്രേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.
12,157 പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. 1827 വാഹനങ്ങളും 33 ബോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അങ്കനവാടി വര്‍ക്കര്‍മാര്‍, അങ്കനവാടി ഹെല്‍പ്പര്‍, ആശ വര്‍ക്കര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ച് ഓരോ പോളിങ് ബൂത്തിലും മൂന്നുവീതം വോളണ്ടിയര്‍മാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിങ്ങിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് ഇവരെ ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
ഭിന്നശേഷിക്കാര്‍ക്ക് പോളിങ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യുന്നതിനായി വാഹനം, വീല്‍ ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിക്കും. കലാശക്കൊട്ട് അനുവദിക്കുന്നതല്ല.
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications