നെഹ്‌റു ട്രോഫി ജലമേള നവംബര്‍ 10നു നടക്കും, സച്ചിന്‍ എത്തില്ല, മുഖ്യമന്ത്രി മുഖ്യാതിഥിയാകും
ആലപ്പുഴ: പ്രളയത്തെ തുടര്‍ന്നു മാറ്റിവച്ച ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളി നവംബര്‍ 10നു നടക്കും. എന്നാല്‍ മുഖ്യാതിഥിയായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉണ്ടാവില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണു മുന്‍പു പ്രഖ്യാപിച്ച തീയതിയില്‍ത്തന്നെ ജലോത്സവം നടത്താമെന്ന തീരുമാനവുമായി നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി മുന്നോട്ടു പോകുന്നത്.
നവംബര്‍ 10, 11 തീയതികളില്‍ സച്ചിനു സൗകര്യപ്രദമായ ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസുമായി സൊസൈറ്റി ഭാരവാഹികള്‍ ബന്ധപ്പെട്ടെങ്കിലും ഈ ദിവസങ്ങളില്‍ എത്താന്‍ കഴിയില്ലെന്ന് ഇന്നലെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മറ്റൊരു മുഖ്യാതിഥിക്കായി ശ്രമം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാന അതിഥിയായി ക്ഷണിക്കും.

സാമ്പത്തിക ബാധ്യതകളുള്ള എന്‍ടിബിആര്‍ സൊസൈറ്റിക്ക് സച്ചിന്‍ എത്താത്തത് അല്‍പം ആശ്വാസമാകുമെങ്കിലും, സച്ചിന്‍ എന്ന ആകര്‍ഷണം ഇല്ലാതാകുന്നതോടെ ടിക്കറ്റ് വില്‍പനയില്‍ ഇടിവുണ്ടായേക്കുമെന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്. സച്ചിന്റെ ചെലവുകള്‍ക്കായി ടൈറ്റില്‍ സ്‌പോണ്‍സര്‍ വകയിരുത്തിയ തുകയും വിമാന ടിക്കറ്റിന്റെ തുകയും ഉള്‍പ്പെടെ ഇനി മറ്റു ചെലവുകള്‍ക്കു മാറ്റാം.
ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടക്കേണ്ട നെഹ്‌റു ട്രോഫി് ജല മാമാങ്കം പ്രളയത്തെ തുടര്‍ന്നു തീയതി നിശ്ചയിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖലയില്‍ കാര്യമായ ചലനമില്ലാത്ത സാഹചര്യത്തിലാണ് ഡിടിപിസി ഇടപെട്ട് വള്ളംകളി വീണ്ടും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications