മോഷണത്തിന് പിന്നില്‍ കുറവാ സംഘം തന്നെ; പ്രതിയുടെ നെഞ്ചിലെ പച്ചകുത്തിയത് അന്വേഷണത്തില്‍ നിര്‍ണയകമായി
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയാണെന്ന് സ്ഥിരീകരണം. പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്ന് ഇന്നലെ പോലീസ് പിടിയിലായ സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്നും ഇയാളാണ് മഞ്ചേരിയിൽ എത്തിയത് എന്നും ആലപ്പുഴ ഡി വൈ എസ് പി മധു ബാബു പറഞ്ഞു.
സന്തോഷിന്റെ നെഞ്ചിൽ പച്ച കുത്തിയിരുന്നതാണ് ആളെ തിരിച്ചറിയുന്നതിൽ നിർണായകമായത്. പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു. തുടർന്ന് ആണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തുകയും ചെയ്തു. മോഷണം നടന്ന വീട്ടിലെ ആളുകൾ രാത്രിയായതിനാൽ മുഖം കണ്ടിരുന്നില്ല.

കുറുവാ സംഘത്തിൽ 14 പേരാണ് ഉള്ളത്. പ്രതിയെ പിടികൂടിയ കുണ്ടനൂരിൽ നിന്നും ചില സ്വർണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല.കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിൽ എടുത്ത മണികണ്ഠന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.
പിടിയിലായ സന്തോഷിന്റെ പേരിൽ ചങ്ങനാശേരി പാലാ, ചിങ്ങവനം സ്റ്റേഷനുകളിൽ നാല് കേസുകളുണ്ടെന്നും തമിഴ്നാട്ടിൽ നിന്നാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു. മൂന്ന് മാസം ജയിലിൽ കിടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി പാല സ്റ്റേഷനിൽ എത്തി ഒപ്പിടുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതും സന്തോഷ് ശെൽവവും മണികണ്ഠനുമടങ്ങുന്ന സംഘം ആണ് എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തേയും മണി കണ്ഠനേയും മണ്ണഞ്ചേരി പോലീസ് പിടികൂടിയത്, രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ചതുപ്പിൽ നിന്ന് പോലീസ് പിടികൂടിയത്.
ആലപ്പുഴയുടെ വടക്കൻ മേഖലകളിൽ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം മോഷണം നടത്തുന്നു. പത്തിലേറെ വീടുകളിൽ കള്ളൻ കയറിയിരുന്നു. രണ്ടാഴ്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറവ സംഘത്തിന്റേതാണ് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പറയുന്നു. ചൊവ്വാഴ്ച മൂന്ന് വീടുകളിൽ കയറി.












Click it and Unblock the Notifications