പ്രളയക്കെടുതി: ആലപ്പുഴയില്‍ രക്ഷാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലെന്ന് മന്ത്രി ജി സുധാകരന്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതിന് ദിവസങ്ങളായി നടന്നുവരുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് പറഞ്ഞു. തിങ്കളാഴ്ചയോടെ എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലെത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...
ഇപ്പോള്‍ തന്നെ അപകട മേഖലയില്‍ നിന്ന് 90 ശതമാനം പേരെയും ക്യാമ്പുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടനാട് ഒഴിപ്പിക്കല്‍ 95 ശതമാനം പൂര്‍ത്തിയായി. പാണ്ടനാട് 97 ശതമാനം പേരേയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജില്ലയില്‍ 2,54,000 പേര് ക്യാമ്പുകളില്‍ ഉണ്ട്. 935 ക്യാമ്പുകളാണ് വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. 65,000 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്കെല്ലാം ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്.
കുട്ടനാട്ടില്‍ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ 96 മണിക്കൂറില്‍ കുട്ടനാട്ടില്‍ മാത്രം 2.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. ഇടുങ്ങിയ സ്ഥലങ്ങളില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. ചെറിയ വള്ളങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാനും ഇവരെ പുറത്തേക്ക് കൊണ്ടുവരാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
250 ഹൗസ് ബോട്ടുകള്‍, 130 മോട്ടോര്‍ ബോട്ടുകള്‍, അമ്പതില്‍പ്പരം സ്പീഡ് ബോട്ടുകള്‍, 500 പേരെ ഉള്‍ക്കൊള്ളാവുന്ന ബാര്‍ജ് ഉള്‍പ്പടെ മൂന്ന് ജങ്കാര്‍, ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് ജില്ല കണ്ട ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സ്പില്‍വേകളെല്ലാം ഹിറ്റാച്ചിയും മറ്റുമുപയോഗിച്ച് വീതികൂട്ടി കൊണ്ടിരിക്കുകയാണ്. തോട്ടപ്പള്ളി സ്പില്‍വേയിലെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളമൊഴുക്ക് സുഗമമാക്കാനാണിത്. മുതലപ്പൊഴി, വാടപ്പൊഴി എന്നിവ തുറന്നു.
എന്‍.ഡി.ആര്.എഫിന്റെ ഏഴ് സംഘങ്ങളിലായി 220 പേര്, നേവി 10 സംഘങ്ങള്‍, ആര്‍മി 15 ബോട്ടുകളുമായി രണ്ടു സംഘം എന്നിവ സക്രീയമായി രംഗത്തുണ്ട്. ഏഴ് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുകയും നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഹെലികോപ്റ്റര്‍ ഭക്ഷണപ്പൊതി വിതരണവും നടത്തിവരുന്നു. അഗ്നിരക്ഷാസേനയുടെ 23 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
മത്സ്യത്തൊഴിലാളികള്‍ അവരുടെ വള്ളങ്ങള്‍ ഉപയോഗിച്ച് ധാരാളം പേരെ രക്ഷപ്പെടുത്തി. 16000 പേരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളി വള്ളങ്ങള്‍ക്ക് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ ആലപ്പുഴ വാർത്തകൾView All
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08