അഞ്ചുവീടുകളില്‍ വേലക്കാരി; പെണ്‍കുട്ടിക്ക് 12ാം ക്ലാസില്‍ 84% മാര്‍ക്ക്
ബെംഗളുരു: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 84 ശതമാനം മാര്‍ക്കുവാങ്ങുക എന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍, അഞ്ചുവീടുകളില്‍ വീട്ടുജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് അത് നേടിയതെങ്കിലോ...? പതിനേഴു വസയുകാരിയായ ബെംഗളുരുവിലെ ശാലിനി അങ്ങിനെയാണ് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
കഴിഞ്ഞദിവസം പുറത്തുവന്ന പ്ലസ് ടു പരീക്ഷയില്‍ 84 ശതമാനം മാര്‍ക്ക് വാങ്ങിയ ശാലിനിയുടെ ജീവിതം ആരിലും അത്ഭുതമുളവാക്കുന്നതാണ്. വസ്ത്രങ്ങള്‍ കഴുകുന്നതുമുതല്‍ വീടുവൃത്തയാക്കുന്നതുവരെ അഞ്ചുവീടുകളില്‍ ശാലിനി പുലര്‍ച്ചെ മുതല്‍ ജോലി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അതിനിടയിലാണ് പഠനത്തിന് സമയം കണ്ടെത്തുന്നത്.

ഒരു അപകടത്തില്‍പ്പെട്ട് ശാലിനുയുടെ പിതാവിന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയില്‍ ക്ലീനിങ് ജോലി ചെയ്യുന്ന അമ്മയുടെ വരുമാനം കൊണ്ടായിരുന്നു ശാലിനും അനുജനും അടങ്ങുന്ന കുടുംബം മുന്നോട്ടു പോയത്. എന്നാല്‍ അനുജന്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സവേണ്ടിവന്നതോടെ ശാലിനി പഠനത്തിന് ഇടവേള നിശ്ചയിച്ച് ജോലിക്കിറങ്ങുകയായിരുന്നു. ശാലിനിയുടെ അമ്മയുടെ സഹോദരനൊപ്പം ചെറിയൊരു വീട്ടിലാണ് ഇവരുടെ താമസം.
രാവിലെ 4.30ന് തുടങ്ങുന്നതാണ് ശാലിനിയുടെ ദിനചര്യ. 4.30ന് അടുത്തുള്ള വീട്ടില്‍ രംഗോളി എഴുതാന്‍ പോകുന്നു. 5.30 വരെ നീളുന്ന ജോലിക്കുശേഷം മറ്റൊരു വീട്ടില്‍ ക്ലീനിങ് ജോലിയാണ്. 7.30 വേറൊരു വീട്ടിലെത്തും, അവിടെ അലക്കു ജോലി കഴിയുന്നതോടെ 9 മണിയാകും. വീട്ടില്‍ തിരിച്ചെത്തി പ്രഭാത ഭക്ഷണവും പഠനവും കഴിഞ്ഞ് മറ്റൊരു വീട്ടില്‍ അലക്കു ജോലി, പിന്നെ അടുത്തവീട്ടിലെ ക്ലീനിങ്, രാത്രി വീണ്ടും പഠനം. ഇതാണ് ശാലനിയുടെ ഒരു ദിവസം.
തമിഴ് മീഡിയം സ്‌കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ച് കന്നഡ മീഡിയത്തിലേക്ക് മാറിയ ശാലിനി ഇപ്പോള്‍ ഒരു ഇംഗ്ലീഷ് മീഡിയം കോളേജിലാണ് പഠിക്കുന്നത്. ഇംഗ്ലീഷില്‍ വ്യക്തതയോടെ സംസാരിക്കും. കുടുംബത്തിലെ ആദ്യത്തെ എഞ്ചിനീയറാവുകയാണ് ശാലിനിയുടെ സ്വപ്നം. മകള്‍ മിടുക്കിയാണെന്നും ഒരുദിനം എഞ്ചിനീയറാവുകതന്നെ ചെയ്യുമെന്ന് ശാലിനുയുടെ അമ്മയും പറയുന്നു.












Click it and Unblock the Notifications