മോഡി റാലി: 10 പോലീസ് യൂണിഫോം കാണാതായി
ബാഗ്ലൂര്‍: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന് ഒരാഴ്ച മുന്‍പേ ബാംഗ്ലൂരില്‍ പത്ത് പോലീസ് യൂണിഫോമുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. ശിവാജിനഗറിലുള്ള ഒരു കടയില്‍ നിന്നാണ് അജ്ഞാതനായ ഒരാള്‍ പത്ത് പോലീസ് യൂണിഫോമുകള്‍ വാങ്ങിയത്. ലാത്തിയും തൊപ്പിയുമടക്കമാണ് പോലീസിന്റെ യൂണിഫോം ഇയാള്‍ കൈക്കലാക്കിയത്.
നവംബര്‍ 17 ഞായറാഴ്ചയാണ് നരേന്ദ്രമോഡി പങ്കെടുക്കുന്ന കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലി ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പട്‌ന റാലിക്കിടെ ബോംബ് സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ മോഡിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂരില്‍ മറ്റൊരു സമാനമായ സംഭവം താങ്ങാനുള്ള സ്ഥിതിയിലല്ല കേന്ദ്രവും സര്‍ണാടകവും ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍.

വടക്കേ ഇന്ത്യക്കാരനെന്ന് കണ്ടാല്‍ തോന്നുന്ന ഒരാളാണ് പോലീസ് യൂണിഫോം കൈക്കലാക്കിയത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് യൂണിഫോമുകള്‍ തയ്ക്കുന്ന പ്രത്യേക കടയില്‍ നിന്നാണ് ഇയാള്‍ സാധനങ്ങള്‍ വാങ്ങിയത്. കോണ്‍സ്റ്റബിള്‍ ലെവലിലുള്ള യൂണിഫോമാണ് ഇയാള്‍ വാങ്ങിയത്. സാധനം വാങ്ങിയ ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് കടക്കാര്‍ പറയുന്നത്.
ദിവസവും ഒട്ടേറെ പോലീസുകാര്‍ യൂണിഫോം തയ്പിക്കാനായി ഇവിടെയത്തുന്നുണ്ട്. ഇവരുടെ എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കുക സാധ്യമല്ല. പുതിയ സംഭവത്തിന്റെ വെളിച്ചത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മോഡി റാലി നടക്കുന്ന പാലസ് ഗ്രൗണ്ടിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്താനും പോലീസ് അധികാരികള്‍ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications