ടെക്കിയുടെ കാറിടിച്ച് വനിതാ ടെക്കിയും അമ്മായിയമ്മയും മരിച്ചു
ബെംഗളൂരു: ശനിയാഴ്ച പുലര്‍ച്ചെ നഗരത്തിലുണ്ടായ ദാരുണമായ അപകടത്തില്‍ വനിതാ ടെക്കിയും ഭര്‍തൃമാതാവും കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയ്ക്ക് സമീപം ഹൊസൂര്‍ റോഡിലാണ് അപകടം ഉണ്ടായത്. ചെന്നൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് ഹോണ്ട സിറ്റി കാറില്‍ വന്ന ടെക്കിയാണ് അപകടം ഉണ്ടാക്കിയത്. അമിത വേഗതയില്‍ വന്ന കാര്‍ റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ ദേഹത്തേക്ക് ഇടിക്കുകയായിരുന്നു.
നഗരത്തിലെ പ്രശസ്തമായ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സൗമ്യയും ഇവരുടെ ഭര്‍ത്താവിന്റെ അമ്മയുമാണ് മരിച്ചത്. റോഡിന് മറുവശത്തുള്ള ബസ് സ്‌റ്റോപ്പിലേക്ക് പോകാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍. ഇവര്‍ക്കൊപ്പം സൗമ്യയുടെ നാല് വയസ്സുകാരി മകളും ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

മറ്റ് അഞ്ച് പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റു. ഇവരും സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. കാര്‍ ഓടിച്ചിരുന്ന ടെക്കിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ചെന്നെയില്‍ നിന്നും ഒറ്റയ്ക്ക് കാറോടിച്ച് ബെംഗളൂരുവിലേക്ക് വരികയായിരുന്നു ഇയാള്‍. രോഷാകുലരായ നാട്ടുകാര്‍ ഡ്രൈവറെ മര്‍ദിക്കുകയും കാര്‍ തകര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി.
അപകടത്തില്‍ മരിച്ച സൗമ്യ ഇംഗ്ലണ്ടില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയതേ ഉള്ളൂ. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരു വര്‍ഷമായി കാനഡയിലാണ് ഇദ്ദേഹം അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കേയാണ് അപകടം ഉണ്ടായിരിക്കുന്നത്. തുംകൂര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ട സൗമ്യ. അപകടം നടക്കുമ്പോള്‍ കാര്‍ 100 കിലോമീറ്റര്‍ സ്പീഡിലായിരുന്നു എന്ന് ഹെബ്ബഗുഡി പോലീസ് പറഞ്ഞു.












Click it and Unblock the Notifications