ലോകത്തെ ഞെട്ടിച്ച് ചൈനയുടെ നീക്കം; അടപടലം ഇടിഞ്ഞ് ബിറ്റ്‌കോയിന്‍... ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്
ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ചൈന.
ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ തീരെ ഉദാരമല്ലാത്ത സമീപനം ആണ് ചൈന സ്വീകരിച്ചുവരുന്നത്. ഇതുസംബന്ധിച്ച് ചൈനയുടെ പല നിയന്ത്രണങ്ങളും നേരത്തേ തന്നെ ക്രിപ്‌റ്റോ വിപണിയെ വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴത്തെ നീക്കം ക്രിപ്‌റ്റോവിപണികളുടെ അടിത്തറ തന്നെ ഇളക്കിയേക്കും. ചൈനീസ് തീരുമാനം വന്നതിന് പിറകെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തില്‍ വലിയ ഇടിവും സംഭവിച്ചു.

ചൈനയുടെ കേന്ദ്ര ബാങ്ക് ആയ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ക്രിപറ്റോകറന്‍സികളുമായി ബന്ധപ്പെട്ട് എല്ലാ ഇടപാടുകളും നിയമവിരുദ്ധമായിരിക്കുമെന്നും നിര്‍ബന്ധമായും നിരോധിക്കപ്പെടേണ്ടതാണെന്നും ബാങ്ക് അവരുടെ വെബ്‌സൈറ്റ് മുഖേന വ്യക്തമാക്കിക്കഴിഞ്ഞു. ബിറ്റ്‌കോയിന്‍ എന്നോ, എഥേറിയം എന്നോ ടെഥര്‍ എന്നോ വ്യത്യാസമില്ലാത്തെ എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും.

ചൈനക്കാരുടെ കൈവശമുള്ളവരുടെ ബിറ്റ്‌കോയിനുകള്‍ക്ക് ഇനി എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ താമസക്കാര്‍ക്ക് ഓഫ്‌ഷോര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി നല്ഡകപ്പെട്ടിരുന്ന ക്രിപ്‌റ്റോ സേവനങ്ങള്‍ കൂടി നിരോധനത്തിന്റെ പരിധിയില്‍ വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

കര്‍ശന നടപടികളായിരിക്കും നിയമലംഘകര്‍ക്ക് ലഭിക്കുന്ന എന്ന സൂചനയും ചൈന നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആണെന്നും അത് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആയിരിക്കും സ്വീകരിക്കുക എന്നും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വ്യക്തമാക്കിക്കഴിഞ്ഞു.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ പ്രഖ്യാപനം വന്നതിന് പിറകെ, ക്രിപ്‌റ്റോവിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. മൂല്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബിറ്റ്‌കോയിന്‍ 5.85 ശതമാനം വരെയാണ് ഇടിഞ്ഞത്. തൊട്ടുതാഴെയുള്ള എഥേറിയത്തിന്റെ മൂല്യത്തില്‍ 8 ശതമാനത്തോളം ഇടിവുണ്ടായി. കര്‍ഡാനോയുടെ മൂല്യത്തില്‍ 1.31 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

പ്രധാന ക്രിപ്‌റ്റോകറന്‍സികള്‍ എല്ലാം വന്‍ തിരിച്ചടി നേരിട്ടപ്പോള്‍, ചില കറന്‍സികള്‍ അപ്രതീക്ഷിതമായ മുന്നേറ്റവും സ്വന്തമാക്കിയിട്ടുണ്ട്. ബോണസ് കേക്ക് ആണ് അതില്‍ പ്രധാനി. 200 ശതമാനത്തിലേറെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബോണസ് കേക്കിന്റെ വളര്‍ച്ച. വാല്യു നെറ്റ് വര്‍ക്ക് 145 ശതമാനവും ബേബിസ്‌പേസ്ഫ്‌ലോക്കി 131 ശതമാനവും മൂല്യ വര്‍ദ്ധന നേടി. എക്‌സ് ഹണ്ടര്‍ 60 ശതമാനത്തിലേറെയാണ് കുതിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ക്രിപ്‌റ്റോകറന്‍സി അതിന്റെ ഏറ്റവും ഔന്നത്യത്തില്‍ എത്തിയത്. അന്ന് ബിറ്റ്‌കോയിന്‍ മൂല്യം അറുപത്തി അയ്യായിരം ഡോളറിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിപണിയില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടേയിരുന്നു. ചൈനീസ് നിയന്ത്രണങ്ങള്‍ ആയിരുന്നു പലപ്പോഴും ഇതിന് വഴിവച്ചത്. ബിറ്റ്‌കോയിന് പിന്നീട് ഒരിക്കല്‍ പോലും പഴയ കുതിപ്പ് പ്രകടിപ്പിക്കാന്‍ സാധിച്ചതും ഇല്ല.

കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാല്‍ ബിറ്റ്‌കോയിന്റെ പ്രകടനം ഏറെ നിരാശാജനകം ആണെന്ന് പറയേണ്ടി വരും. 10 ശതമാനത്തിന് മുകളില്‍ ആണ് മൂല്യത്തില്‍ ഉണ്ടായിട്ടുള്ള ഇടിവ്. എഥേറിയത്തിന്റെ മൂല്യം 14 ശതമാനത്തിലേറെ ഇടിഞ്ഞു. അവലാഞ്ചേ, ടെറ, കോസ്‌മോ തുടങ്ങിയവയ്ക്ക് മാത്രമാണ് ഈ സമയത്ത് അല്‍പമെങ്കിലും മൂല്യം മെച്ചപ്പെടുത്താന്‍ സാധിച്ചുള്ളു.

ചൈന ആണ് ഇപ്പോള്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പല രാജ്യങ്ങളും ഇതേ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ചിലര്‍ ഇതിന് സര്‍ക്കാര്‍ തലത്തില്‍ ബദല്‍ കൊണ്ടുവരാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ഒരു രാജ്യം ക്രിപ്‌റ്റോകറന്‍സിയെ അംഗീകരിച്ചിരുന്നു. എല്‍ സാല്‍വദോര്‍ ആയിരുന്നു അത്. ഈ മാസം മുതല്‍ ആ തീരുമാനം പ്രാബല്യത്തില്‍ വരും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications