സ്വര്‍ണം ഇരട്ടി ലാഭം നല്‍കിയ പദ്ധതി; ഗോള്‍ഡ് ബോണ്ടിന് പൂട്ടിടുന്നു; താക്കോല്‍ റെഡിയാക്കി കേന്ദ്രം
കൊട്ടിഘോഷിച്ചു നടപ്പാക്കിയ സോവറിങ് ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയേക്കും. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം പുതിയ ബോണ്ടുകള്‍ പുറത്തിറക്കിയിട്ടില്ല. നിക്ഷേപകര്‍ക്ക് വന്‍ നേട്ടമായ പദ്ധതി കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യത വരുത്തുന്നു എന്നാണ് വിലയിരുത്തല്‍. ഇനിയും പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സാമ്പത്തിക ഞെരുക്കം കൂട്ടും.
ഭൗതികമായി സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വര്‍ധിച്ച വേളയിലാണ് ഡിജിറ്റല്‍ ഗോള്‍ഡ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2015ല്‍ തുടങ്ങിയ പദ്ധതിക്ക് എട്ട് വര്‍ഷമായിരുന്നു കാലാവധി. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ നിബന്ധനകളോടെ പിന്‍വലിക്കാനും സാധിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇടപെടുന്ന പദ്ധതിയായതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ ഗോള്‍ഡ് ബോണ്ട് വാങ്ങിക്കൂട്ടി.

സര്‍ക്കാരിന്റെ കടവും ബാധ്യതയും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഗോള്‍ഡ് ബോണ്ട് നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതത്രെ. ബോണ്ട് പദ്ധതി പൂര്‍ണമായും നിര്‍ത്തുന്ന കാര്യം ധനമന്ത്രാലയം പരിഗണിക്കുന്നു എന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ ബോണ്ടുകള്‍ പുറത്തിറക്കിയേക്കില്ല. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുകയും പലിശയും നല്‍കും.
ജിഡിപിയും കടവും തട്ടിച്ചുനോക്കുമ്പോള്‍ ബാധ്യത കൂടി വരികയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണത്രെ ഗോള്‍ഡ് ബോണ്ട് പദ്ധതി അവസാനിപ്പിക്കുന്നത്. സ്വര്‍ണത്തിന് അപ്രതീക്ഷിത വിലക്കയറ്റം ഉണ്ടായതാണ് തിരിച്ചടിയായത്. ചെറിയ സംഖ്യ കൊടുത്ത് ആദ്യം ബോണ്ട് വാങ്ങിയവര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ ലാഭമാണ് കൈയ്യിലെത്തിയിരുന്നത്. ഇതിനൊപ്പം പലിശ കൂടി സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നത് ബാധ്യത വര്‍ധിപ്പിച്ചു.
എന്താണ് സോവറിങ് ഗോള്‍ഡ് ബോണ്ട്
ആഭരണം, നാണയം, കട്ടികള്‍ എന്നിവയുടെ രൂപത്തിലാണ് സാധാരണ സ്വര്‍ണം വാങ്ങുക. എന്നാല്‍ ഇത്തരത്തില്‍ അല്ലാതെ സ്വര്‍ണം വാങ്ങാന്‍ കേന്ദ്രം 2015ല്‍ നടപ്പാക്കിയ പദ്ധതിയാണ് സോവറിങ് ഗോള്‍ഡ് ബോണ്ട്. കേന്ദ്രത്തിന് വേണ്ടി ആര്‍ബിഐ ഇറക്കുന്ന ഈ ബോണ്ട് ഗ്രാം അളവിലുള്ള വില നല്‍കി വാങ്ങാം. ഇന്ത്യന്‍ പൗരന്മാര്‍, ഹിന്ദു കൂട്ടുകുടുംബങ്ങള്‍, ട്രസ്റ്റുകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവര്‍ക്കാണ് ഈ ബോണ്ട് വാങ്ങാന്‍ അര്‍ഹത.
എട്ട് വര്‍ഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ തന്നെ വില്‍ക്കാം. ഓഹരി വിപണികളിലും ഇവ ലിസ്റ്റ് ചെയ്തിരുന്നു. അതോടെ വന്‍തോതിലുള്ള നിക്ഷേപമാണ് ഗോള്‍ഡ് ബോണ്ടിലേക്ക് എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനം ആര്‍ബിഐ ബോണ്ട് ഇറക്കിയത്. വില്‍ക്കുന്ന വേളയില്‍ സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വില കിട്ടും. മാത്രമല്ല, 2.5 ശതമാനം പലിശയും നിക്ഷേപകന് ലഭിക്കും. ഭൗതിക രൂപത്തില്‍ അല്ലാത്തതിനാല്‍ നഷ്ടപ്പെടുമെന്ന പേടിയുമില്ല. നിക്ഷേപകനെ സംബന്ധിച്ച് വന്‍ ലാഭമായിരുന്നു പദ്ധതി.
2015ല്‍ സോവറിങ് ഗോള്‍ഡ് ബോണ്ട് അവതരിപ്പിക്കുന്ന വേളയില്‍ ഗ്രാമിന് 2684 രൂപയായിരുന്നു വില. എട്ട് വര്‍ഷം കഴിഞ്ഞ് വില്‍ക്കുന്നവര്‍ക്ക് പലിശ ഉള്‍പ്പെടെ ഗ്രാമിന് 6132 രൂപ കിട്ടി. സ്വര്‍ണവില കുത്തനെ കൂടാന്‍ തുടങ്ങിയതോടെയാണ് പദ്ധതിക്ക് തിളക്കം കൂടിയത്. എന്നാല്‍ സര്‍ക്കാരിന് വലിയ ചെലവ് വരുത്തി വച്ചു. വ്യക്തികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്കും പരമാവധി 4 കിലോയാണ് വാങ്ങാന്‍ സാധിക്കുന്ന പരിധി. മറ്റുള്ളവര്‍ക്ക് 20 കിലോയും.












Click it and Unblock the Notifications