ഒഡിഷയില്‍ സ്വര്‍ണ്ണഖനി കണ്ടെത്തി, ഒന്നല്ല.. രണ്ട് ജില്ലകളില്‍; ഇന്ത്യയുടെ തലവര തെളിഞ്ഞോ?
ഭുവനേശ്വര്‍: ഒഡീഷയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ദിയോഗര്‍, കിയോഞ്ജര്‍ ജില്ലകളില്‍ ഗണ്യമായ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ഒഡീഷ സ്റ്റീല്‍ ആന്‍ഡ് മൈന്‍സ് മന്ത്രി ബിഭൂതി ഭൂഷണ്‍ ജെന പറഞ്ഞു. വിപുലമായ ഭൗമശാസ്ത്ര പര്യവേക്ഷണം നടത്തിയതിനാലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്ന് സംസ്ഥാന നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയവെ മന്ത്രി പറഞ്ഞു.
ദിയോഗറിലെ അഡാസ്-രാമപള്ളി മേഖലയിലും കിയോഞ്ജറിലെ ഗോപൂര്‍-ഗാജിപൂര്‍ മേഖലയിലുമാണ് സ്വര്‍ണശേഖരം കണ്ടെത്തിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി എസ് ഐ) അഡാസ്-രാമപള്ളി മേഖലയില്‍ ജി2-ലെവല്‍ പര്യവേക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിന്നുള്ള ഫലങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍പത്തെ ജി 3 ലെവല്‍ സര്‍വേകളില്‍ നിന്നുള്ള കണ്ടെത്തലുകളെ തുടര്‍ന്ന് ഗോപൂര്‍-ഗാജിപൂര്‍ മേഖലയില്‍ ജി 2 പര്യവേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജി എസ് ഐയും ഒഡീഷയുടെ മൈന്‍സ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റും ഈ കരുതല്‍ ശേഖരങ്ങളുടെ മുഴുവന്‍ സാധ്യതകളും നിര്‍ണ്ണയിക്കാന്‍ അവരുടെ അന്വേഷണങ്ങള്‍ തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
'പര്യവേക്ഷണ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍, കൂടുതല്‍ വിലയിരുത്തലിനായി വിശദമായ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ഖനനവും സാമ്പത്തിക വിനിയോഗവും ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളെക്കുറിച്ച് വിദഗ്ധ സമിതി ശുപാര്‍ശകള്‍ നല്‍കും, ''ബിഭൂതി ഭൂഷണ്‍ ജെന പറഞ്ഞു. ഒഡീഷയുടെ പുതിയ സ്വര്‍ണ നിക്ഷേപ കണ്ടുപിടിത്തങ്ങള്‍ സാമ്പത്തിക അവസരങ്ങളും സംസ്ഥാനത്തിന് തുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ലബോറട്ടറി പരിശോധനകളിലൂടെ സ്വര്‍ണത്തിന്റെ അളവ് നിര്‍ണയിക്കും, അതിന്റെ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു,' അദ്ദേഹം പറഞ്ഞു. ഇരുമ്പയിര്, ബോക്സൈറ്റ്, മാംഗനീസ്, ഡോളമൈറ്റ്, ക്രോമൈറ്റ് എന്നിവയുള്‍പ്പെടെയുള്ള ധാതു വിഭവങ്ങളാല്‍ ഒഡീഷ സമ്പന്നമാണ്. പുതിയ സ്വര്‍ണ നിക്ഷേപത്തെ കുറിച്ചുള്ള കണ്ടെത്തലുകള്‍ സംസ്ഥാനത്തിന്റെ ധാതു സമ്പത്തിന് വലിയ കൂട്ടിച്ചേര്‍ക്കലായി മാറും.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇരുമ്പയിര് ശേഖരമുള്ള ജില്ലയാണ് കിയോഞ്ജര്‍ ജില്ല. ദിയോഗഢില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് സംസ്ഥാനത്തിന്റെ ഖനന ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ, ഒഡീഷയിലെ ഏതെങ്കിലും ജില്ലയില്‍ സ്വര്‍ണ ഖനികള്‍ കണ്ടെത്തിയിട്ടുണ്ടോയെന്നും സ്വര്‍ണഖനിയുമായി ബന്ധപ്പെട്ട സര്‍വേയുടെയും കണ്ടെത്തലുകളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രതിപക്ഷം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications