സ്വര്‍ണവില ഇനിയും കൂടുമോ? ആഭരണ പ്രേമികളെ കാത്തിരിക്കുന്നത്... എംപി അഹമ്മദ് പറയുന്നത് ഇങ്ങനെ
കോഴിക്കോട്: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്ന എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ് ഓരോ ദിവസത്തെയും വില മാറ്റം. എല്ലാ ദിവസവും രാവിലെ സ്വര്‍ണവില ജ്വല്ലറി വ്യാപാരികള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ആ വില അടിസ്ഥാനമാക്കിയായിട്ടാകും സംസ്ഥാനത്ത് ഉടനീളം വ്യാപാരം. കൊവിഡ് വ്യാപനത്തിന് ശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്.
സ്വര്‍ണം പവന് 68000 രൂപ വരെ ഉയരുമെന്ന് ചില വിപണി നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ ഭരണ മാറ്റം മറിച്ച് സംഭവിക്കാനും ഇടയാക്കുമെന്ന് പറയപ്പെടുന്നു. ഏത് രീതിയിലുള്ള മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതീക്ഷിക്കുന്നത് എന്ന് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എംപി അഹമ്മദ് വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. വിലയുടെ കാര്യത്തില്‍ അതിപ്രധാനമായ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു...

ഡിമാന്റ് ആന്റ് സപ്ലൈ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ പ്രധാനമാണെന്ന് അഹമ്മദ് പറഞ്ഞു. സ്വര്‍ണത്തിന് ആവശ്യം ഏറിയിട്ടുണ്ട്. കറന്‍സിക്ക് പകരം സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന സാഹചര്യവുമുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്വര്‍ണത്തിലേക്ക് നിക്ഷേപവുമായി എത്തുന്നുണ്ടെന്നും അത് സ്വര്‍ണത്തിന്റെ ആവശ്യകത കൂട്ടുന്നുണ്ടെന്നും എംപി അഹമ്മദ് പറഞ്ഞു.
അമേരിക്കയിലെ ഭരണമാറ്റം പ്രധാനപ്പെട്ടതാണെന്നും അഹമ്മദ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. വൈകാതെ ഇക്കാര്യത്തില്‍ വ്യക്തത വരും. ഒരു വ്യാപാര യുദ്ധം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ഇംപാക്ട് എന്തൊക്കെയാകുമെന്നും കാത്തിരുന്ന് കാണാം..
ഇതിന്റെ ആദ്യ പടിയാണ് രൂപയുടെ മൂല്യം കുറയുന്നതും ഡോളര്‍ ഉയരുന്നതും. ഡോളര്‍ സൂചിക ഉയരുകയാണ്. സ്വര്‍ണവിലയുടെ ചരിത്രം പരിശോധിച്ചാല്‍ ക്രമേണ വില കൂടിയത് കാണാം. ആളുകളുടെ വിശ്വാസവും ഇക്കാര്യത്തില്‍ പ്രധാനമാണെന്നും എംപി അഹമ്മദ് പറഞ്ഞു.
ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ വാങ്ങല്‍ ശേഷി കുറയും. ഈ വേളയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. അതേസമയം, വിപണിയില്‍ ആശങ്ക ഉടലെടുത്താല്‍ നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രമായി സ്വര്‍ണത്തെ കാണും. കൂടുതല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയും ചെയ്യും. ഈ വേളയില്‍ സ്വര്‍ണവില കൂടും. പലിശ നിരക്ക് ബാങ്കുകള്‍ കുറച്ചാലും സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടും.
2024ല്‍ സ്വര്‍ണവിലയില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷവും വില കൂടുമെന്ന് തന്നെയാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍, 2024 പോലെ കുതിക്കില്ലെന്നും വിലയിരുത്തുന്നു. വിലയില്‍ വന്‍തോതിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ട എന്ന് തന്നെയാണ് നിരീക്ഷകരുടെ ഒരേ സ്വരത്തിലുള്ള അഭിപ്രായം. അതുകൊണ്ടുതന്നെ നഷ്ടമില്ലാത്ത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നുവരുമുണ്ട്.












Click it and Unblock the Notifications