സ്വര്‍ണ വില താഴോട്ട്; അഞ്ചാംദിനം ഇടിവ്... ഇനിയും കുറയുമെന്ന് സൂചന, ഇന്നത്തെ വില അറിയാം
കൊച്ചി: റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക് ഇറങ്ങി. അഞ്ചാം ദിവസമാണ് വില കുറഞ്ഞത്. പവന് 48600 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണം. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കേരള വിപണിയിലും സംഭവിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ ആശ്വാസകരമായതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം.
എണ്ണ വിലയില്‍ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഡോളര്‍ സൂചികയും കയറി. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് വന്നതും വിപണിയിലെ പ്രധാന മാറ്റങ്ങളാണ്. ഈ മാസം ഒന്നിന് പവന്‍ വില 46320 രൂപയായിരുന്നു. പിന്നീട് ഓരോ ദിവസവും കുതിച്ചാണ് 48600 രൂപയിലെത്തിയത്. ഇന്ന് 320 രൂപയുടെ കുറവാണ് പവന്‍മേലുണ്ടായിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48280 രൂപയാണ് വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5785 ആയി. വില കുറയുന്നത് ഉപഭോക്താക്കള്‍ ആശ്വാസമാണ്. അതേസമയം, സ്വര്‍ണ നിക്ഷേപം നടത്തിയവര്‍ക്ക് ആശങ്കയും. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കാണ് വിലക്കുറവ് നേട്ടമാകുക. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 52000 രൂപ ചെലവ് വരും.
ഇന്ത്യയുടെയും അമേരിക്കയുടെയും ചില്ലറ പണപ്പെരുപ്പ കണക്കില്‍ വലിയ തോതില്‍ മാറ്റമില്ല. അതുകൊണ്ടുതന്നെ പലിശ നിരക്കില്‍ വന്‍തോതിലുള്ള വെട്ടിക്കുറയ്ക്കല്‍ പ്രതീക്ഷിക്കുന്നില്ല. പലിശ നിരക്ക് ജൂണില്‍ കുറച്ചു തുടങ്ങുമെന്നായിരുന്നു അമേരിക്കന്‍ വിപണിയിലെ പ്രചാരണം. ഇതാണ് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരഞ്ഞതും സ്വര്‍ണവില കൂടാന്‍ കാരണമായതും.
അമേരിക്കന്‍ ഡോളര്‍ സൂചിക 102.91ലാണുള്ളത്. ഡോളര്‍ സൂചിക കയറിയാല്‍ സ്വര്‍ണവില ഇനിയും കുറയും. നേരിയ മുന്നേറ്റം മാത്രമാണ് സൂചികയിലുണ്ടായിരിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചാല്‍ മറ്റു പ്രധാന കറന്‍സികളുടെ വാങ്ങല്‍ ശേഷി കുറയും. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 82.85 എന്ന നിരക്കിലാണുള്ളത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് പ്രതീക്ഷിക്കാം.
അതേസമയം, എണ്ണ വിപണിയില്‍ നേരിയ ആശങ്ക ബാക്കിയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.38 ഡോളറാണ് വില. ഡബ്ല്യുടിഐ ക്രൂഡിന് 78.03 ഡോളറും മര്‍ബണ്‍ ക്രൂഡിന് 82.59 ഡോളറുമാണ് വില. അമേരിക്ക എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതാണ് വില വന്‍തോതില്‍ ഉയരാതെ പിടിച്ചുനിര്‍ത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതേസമയം, സൗദി ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചത് ജൂണ്‍ വരെ തുടരും.












Click it and Unblock the Notifications