ഓഹരി വിപണിക്ക് ഇന്ന് കറുത്ത ബുധനാഴ്‌ച; സെൻസെക്‌സ് ഇടിഞ്ഞത് 1109 പോയിന്റ്, നിക്ഷേപകർക്ക് നഷ്‌ടം 14 ലക്ഷം കോടി
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുകുലുക്കി വൻ ഇടിവ്. ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെൻസെക്‌സ് താഴ്ന്നത് 1109 പോയിന്റുകളാണ്. നഷ്‌ടത്തിന്റെ കുത്തൊഴുക്കിൽപെട്ട് ഇന്ന് നിക്ഷേപകർക്ക് നഷ്‌ടമായത് ഏകദേശം 14 ലക്ഷം കോടി രൂപയോളമാണ്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാര സെഷനിൽ സെൻസെക്‌സ് 1109 പോയിന്റ് ഇടിഞ്ഞ് 72,558ലാണ് എത്തിയത്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സെഗ്‌മെന്റുകകളിൽ വലിയ രീതിയിലുള്ള വിൽപ്പനയാണ് നടന്നത്. 422 പോയിന്റ് ഇടിഞ്ഞ് 21,913 എന്ന നിലയിലെത്തിയതോടെ നിഫ്റ്റിയെയും ഈ സംഭവം സാരമായി ബാധിച്ചു. അടുത്തിടെ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളെയും ഒന്നുമല്ലാതാക്കി കൊണ്ടാണ് വിപണിയ്ക്ക് ഇത്രയും വലിയൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

14 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ് ഇന്ന് നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്. മൊത്തം നിക്ഷേപക സമ്പത്ത് മുൻ സെഷനിലെ 385.64 ലക്ഷം കോടി രൂപയിൽ നിന്ന് 371.69 ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ചുരുങ്ങി. പവർഗ്രിഡ്, എൻടിപിസി, ടാറ്റ സ്‌റ്റീൽ, ഭാരതി എയർടെൽ, ടൈറ്റൻ കമ്പനി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ സെൻസെക്‌സിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് പ്രമുഖരിൽ ഉൾപ്പെടുന്നു.
മൊത്തം 223 ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഇത് വിപണിയിൽ നിലനിൽക്കുന്ന വ്യാപകമായ മോശം സാഹചര്യത്തെ അടിവരയിടുകയുണ്ടായി. കേവലം 89 ഓഹരികൾക്ക് മാത്രമാണ് ബിഎസ്ഇയിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്താൻ സാധിച്ചത്.
ഭൂരിഭാഗം നേരവും അപായ സൂചനയോടെയാണ് വിപണി പ്രവർത്തിച്ചത്. 3926 ഓഹരികളിൽ 351 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം നടത്തിയത്. 3526 ഓഹരികളിൽ ഭൂരിഭാഗവും റെഡ് സോണിൽ വ്യാപാരം നടത്തുമ്പോൾ 66 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ബിഎസ്ഇയിലെ 19 മേഖലാ സൂചികകളും നഷ്‌ടം നേരിട്ടു. അതിൽ തന്നെ എണ്ണ, വാതകം, ലോഹങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ഇടിവ് സാരമായി ബാധിച്ചു.
ബിഎസ്ഇ ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ക്യാപിറ്റൽ ഗുഡ്‌സ് തുടങ്ങിയ സൂചികകൾ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇത് വിശാലമായ വിപണിയിലെ മാന്ദ്യത്തെ കൃത്യമായി സൂചിപ്പിക്കുന്നു. ബിഎസ്ഇ ഓട്ടോ സൂചികയും ഗണ്യമായി ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 1602 പോയിന്റ് ഇടിഞ്ഞ് 37,635ലും സ്‌മോൾക്യാപ് സൂചിക 2079 പോയിന്റ് ഇടിഞ്ഞ് 40,752ലും എത്തി. എഫ്ഐഐ-ഡിഐഐ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ ഇന്നലെ 73.12 കോടി രൂപയുടെ ഇക്വിറ്റികൾ അറ്റ അടിസ്ഥാനത്തിൽ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപകർ 2358.18 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.












Click it and Unblock the Notifications