ലുലു ഐടി ടവര്‍ എന്ന് തുറക്കും? ഉദ്ഘാടനത്തിന് കാത്തിരിക്കേണ്ട, ഇനി ദിവസങ്ങളില്ല!
കേരളത്തില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന നഗരങ്ങളില്‍ മുന്‍പന്തിയിലാണ് കൊച്ചി. അടിസ്ഥാന സൗകര്യ വികസനവും ബഹുരാഷ്ട്ര കമ്പനികളും സാന്നിധ്യവുമെല്ലാം ഇതിന് വലിയ ഉത്തേജനം നല്‍കിയിട്ടുണ്ട്. കൊച്ചിയുടെ കുതിപ്പിന് ഇരട്ടശക്തി പകരാന്‍ കാക്കനാട്ടെ സ്മാര്‍ട് സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ ഐടി ടവറുകള്‍ ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി ടവര്‍ എന്ന വിശേഷണത്തോടെയാണ് ലുലുവിന്റെ ട്വിന്‍ ടവര്‍ വരുന്നത്.
1500 കോടി രൂപ നിക്ഷേപത്തില്‍ ഒരുങ്ങുന്ന ഈ ഇരട്ട ടവര്‍ ഈ വര്‍ഷം തന്നെ തുറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. 153 മീറ്റര്‍ ഉയരത്തില്‍ 30 നിലകളിലായി സജ്ജമാകുന്ന ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ് ഇരട്ട ടവര്‍ ഇതിനോടകം തന്നെ ഭൂരിഭാഗം നിര്‍മാണവും പൂര്‍ത്തിയാക്കിയതാണ്. ഇപ്പോഴിതാ നവംബറില്‍ നിന്ന് ഉദ്ഘാടനം മാറ്റാനുണ്ടായ കാരണം ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ് ഡയറക്ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പില്‍ വണ്‍ഇന്ത്യ മലയാളത്തോട് വിശദീകരിക്കുകയാണ്.

'നവംബറിലായിരുന്നു ഉദ്ഘാടനം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ചില അവസാനവട്ട ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഓഡിറ്റോറിയം, ഫുഡ് കോര്‍ട്ട് എന്നിവയുടെ അവസാനവട്ട ജോലികള്‍ കൂടി കഴിയാനുണ്ട്. ഇതെല്ലാം പൂര്‍ണമായി പൂര്‍ത്തിയാക്കിയിട്ട് തുറന്ന് കൊടുത്താല്‍ മതി എന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം,' അഭിലാഷ് പറഞ്ഞു. എങ്കിലും ഫെബ്രുവരിയോടെ തന്നെ ഉദ്ഘാടനം നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണത്തുകയായ 1500 കോടി രൂപയില്‍ തന്നെ ചെലവ് നില്‍ക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് വര്‍ഷം കൊണ്ടാണ് ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ് ഇരട്ട ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതില്‍ ഒന്നര വര്‍ഷത്തോളം കൊവിഡ് കാരണം തടസം നേരിട്ടു. ഏകദേശം 153 മീറ്റര്‍ ഉയരമുള്ള ടവര്‍ എന്ന് പറയുമ്പോള്‍ അത്തരം ഒരു കണ്‍സ്ട്രക്ഷന്‍ ചെയ്യാന്‍ പറ്റുന്ന കമ്പനി വേണമല്ലോ എന്നും അഭിലാഷ് പറയുന്നു.
'നമ്മള്‍ ടാറ്റാ പ്രൊജക്ടസിനായിരുന്നു നിര്‍മാണം ഏല്‍പ്പിച്ചിരുന്നത്. ഒക്യുപെന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞു. ലീസ് എഗ്രിമെന്റിലേക്ക് പോകാം എന്നുള്ള അവസ്ഥയിലാണ്. അനുമതിപത്രങ്ങളെല്ലാം കിട്ടിയിട്ടുണ്ട്. എങ്കിലും 100 ശതമാനം ജോലികളും പൂര്‍ത്തിയായിട്ട് കമ്പനികളെ ക്ഷണിക്കാം എന്ന രീതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്,' അഭിലാഷ് കൂട്ടിച്ചേര്‍ത്തു. കേരളത്തിനുള്ള പുതുവത്സര സമ്മാനമായി ലുലുവിന്റെ ഐടി ടവര്‍ ഉദ്ഘാടനം ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്.
25000 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാവുന്നതും 4300 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതുമായ കൂറ്റന്‍ കെട്ടിടമാണ് കാക്കനാട് ഒരുങ്ങിയിരിക്കുന്നത്. 100% കരുതല്‍ വൈദ്യുതി ബായ്ക്കപ്പ്, അതിവേഗ ലിഫ്റ്റുകള്‍, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവും ലുലുവിന്റെ ട്വിന്‍ ഐടി ടവറിന്റെ പ്രത്യേകതയാണ്.












Click it and Unblock the Notifications