'അല്ലെങ്കില്‍ തന്നെ റോഡ് ബ്ലോക്ക്, അവിടെ ലുലു മാള്‍ കൂടി വന്നാലോ?'; ആന്ധ്രയില്‍ ലുലുവിന് സംഭവിച്ചത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നിന്ന് ലുലു ഗ്രൂപ്പിനെ തുരത്തിയത് എന്ന് വാര്‍ത്തകള്‍ പാടെ നിഷേധിച്ച് വൈഎസ്ആര്‍സിപി. ടിഡിപി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രയില്‍ നിക്ഷേപത്തിന് ഒരുങ്ങിയിരുന്നു. ലുലുവിന്റെ മാളുകളും മറ്റും സംസ്ഥാനത്ത് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വൈഎസ്ആര്‍സിപി സര്‍ക്കാര്‍ 2019 ല്‍ ലുലുവിന് അനുമതി നിഷേധിച്ചിരുന്നു എന്ന വാര്‍ത്തകളും പുറത്ത് വന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച വിവാദങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ വൈഎസ്ആര്‍സിപി നേതാവും ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരില്‍ രണ്ട് വര്‍ഷം വ്യവസായവും വാണിജ്യവും ഉള്‍പ്പെടെ അഞ്ച് വകുപ്പുകളുടെ മന്ത്രിയുമായിരുന്ന ഗുഡിവാഡ അമര്‍നാഥ്. ലുലുവിനോട് സംസ്ഥാനത്ത് നിക്ഷേപം നടത്തേണ്ട എന്ന് പറഞ്ഞിട്ടില്ല എന്ന് ഗുഡിവാഡ അമര്‍നാഥ് പറഞ്ഞു.

ബിസ് ബസ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കടല്‍ത്തീരത്തെ ഫംഗ്ഷന്‍ ഹാളില്‍ നിന്ന് ഏറ്റെടുത്ത ഭൂമി ഉള്‍പ്പെടെ ഏകദേശം 14 ഏക്കര്‍ അനുവദിക്കുന്നതിന് അവരുമായി ധാരണാപത്രം ഒപ്പുവച്ചു. സീതമ്മധാര, എംവിപി കോളനി, എച്ച്എസ്ബിസിക്ക് സമീപമുള്ള ആറ് പ്രൈം പ്ലോട്ടുകള്‍ എന്നിവ സൗജന്യ രജിസ്‌ട്രേഷന്‍ ചാര്‍ജുകളോടെയാണ് കൈമാറാന്‍ ധാരണയായിരുന്നത്.
'ഞങ്ങള്‍ പ്രധാന പ്രതിപക്ഷമായിരുന്നപ്പോഴും കരാറിനെതിരെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കാരണം ആന്ധ്രാപ്രദേശിനും പ്രത്യേകിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ വിശാഖപട്ടണത്തിനും വലിയ ഗുണപരമാകില്ല ഇത് തോന്നി. അതിനാല്‍, ലുലു ഗ്രൂപ്പുമായി വീണ്ടും ചര്‍ച്ച നടത്താനും അവര്‍ക്ക് ഒരു ബദല്‍ സൈറ്റ് അനുവദിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു,' അദ്ദേഹം പറഞ്ഞു.
ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബീച്ച് റോഡില്‍ വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഗതാഗാതം ഊരാക്കുടുക്കിലാണ്. അവിടെ ലുലു ഗ്രൂപ്പിന് നല്‍കിയ പ്രധാന ഭൂമി സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് തങ്ങള്‍ക്ക് തോന്നി എന്നും അമര്‍നാഥ് പറഞ്ഞു. അതിനാല്‍ അവരോട് ബദല്‍ സൈറ്റ് അനുവദിക്കാം എന്നാണ് പറഞ്ഞത് എന്നും അല്ലാതെ ലുലു ഗ്രൂപ്പിനോട് ഇവിടം വിടാന്‍ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്താണ് ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് മാള്‍ ആരഭിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന വൈ എസ് ആര്‍ കോണ്‍ഗ്രസ് ഇത് റദ്ദ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ടിഡിപി അധികാരത്തില്‍ എത്തിയതോടെയാണ് നിക്ഷേപ പദ്ധതി പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു തന്നെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലിയെ സമീപിച്ചത്.
2200 കോടി രൂപ മുതല്‍മുടക്കില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, മള്‍ട്ടിപ്ലക്സ്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന 13.59 ഏക്കറില്‍ പനോരമിക് ബീച്ച്ഫ്രണ്ട് വ്യൂ ഉള്ള പ്രൊജക്ടായിരുന്നു വിശാഖപട്ടണത്തെ ലുലുവിന്റെ പ്ലാന്‍. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മാറിയതോടെ പദ്ധതിയില്‍ നിന്ന് ലുലു പിന്‍വാങ്ങി. ജഗന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് പിന്‍മാറ്റത്തിന് കാരണമെന്നും ഇനി ആന്ധ്രയിലേക്കില്ലെന്നും ലുലു അന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications