ലുലുവിനെ റാഞ്ചാൻ മറ്റ് സംസ്ഥാനങ്ങളും; രണ്ട് മുഖ്യമന്ത്രിമാർ ക്ഷണിച്ചു, മാളും ഹൈപ്പർ മാർക്കറ്റും ഉടൻ വരുമോ?
കൊച്ചി: കേരളത്തിലെയും ജിസിസിയിലെയും റീട്ടെയിൽ രംഗത്ത് പകരക്കാരില്ലാത്ത വിധം പടർന്നു പന്തലിച്ച കമ്പനിയാണ് ലുലു ഗ്രൂപ്പ്. കൃത്യമായ ഇടവേളകളിൽ അവർ തങ്ങളുടെ ബിസിനസ് വിപുലീകരണം നടത്തുകയും സാന്നിധ്യം വർധിപ്പിക്കുകയും ചെയ്യാറുണ്ട്. നിലവിൽ ഇന്ത്യയിൽ ഒട്ടാകെ വ്യാപിച്ചു കിടക്കുന്ന രീതിയിലുള്ള ബിസിനസ് ശ്രംഖല അല്ല അവരുടേത്, എന്നാൽ വൈകാതെ ഈ നിലയിലേക്ക് അവർ എത്തുമെന്നതിന്റെ സൂചനയാണ് ഇപ്പോൾ വരുന്നത്.
കേരളത്തിന് പുറത്തേക്ക് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അവർ രണ്ട് സംസ്ഥാനങ്ങളിൽ കരുത്ത് തെളിയിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനിടെ ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ അവരുടെ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്‌തിരുന്നു.

ഇതിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് മഹാരാഷ്ട്രയിലേക്കും ആന്ധ്രാപ്രാദേശിലേക്കും ലുലു ഗ്രൂപ്പ് ഇറങ്ങി ചെല്ലുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും സാധ്യതകളുള്ള വിപണികളിൽ ഒന്നാണ് മഹാരാഷ്ട്ര, ഇവിടേക്ക് ലുലു കടന്നുവരുന്നത് ഏറെ പ്രതീക്ഷയോടെയാണ് പലരും നോക്കി കാണുന്നത്. ഒപ്പം ലുലുവിന്റെ സംസ്ഥാനത്തേക്കുള്ള വരവ് പ്രഖ്യാപിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണെന്ന പ്രത്യേകത കൂടിയുണ്ട്.
ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുമായി ഫഡ്‌നാവിസ് ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് മറാത്താ മണ്ണിലേക്കുള്ള ലുലുവിന്റെ പ്രവേശനം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എക്‌സ് പോസ്‌റ്റിലൂടെ ഇതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി പങ്കുവച്ചിരുന്നു.
സംസ്ഥാനത്തെ പ്രധാന നഗരമായ നാഗ്‌പൂരിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടുന്ന സംവിധാനം പണിയാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ലുലു ഗ്രൂപ്പിന്റെ ഉന്നത സംഘം അവിടം സന്ദർശിച്ചേക്കും. ഈ നടപടികൾ അധികം നീളില്ല. ഭക്ഷ്യ സംസ്‌കരണ ലോജിസ്‌റ്റിക്‌സ് രംഗത്തും നിക്ഷേപത്തിന് അവർ ഒരുങ്ങുന്നുവെന്നാണ് സൂചന.
ഇതിന് പുറമേ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എംഎ യൂസഫലിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ ഭരാണാധികാരികൾ പോലും ലുലു ഗ്രൂപ്പിനെ ക്ഷണിക്കുകയും വളരെയധികം മതിപ്പോടെയും കാണുന്നുവെന്നതാണ് നിലവിലെ ചർച്ചകൾ അടയാളപ്പെടുത്തുന്ന പ്രധാന കാര്യം.
ആന്ധ്രയിൽ കുറച്ച്കൂടി വിപുലമായ രീതിയിൽ പ്രവർത്തനം ആരഭിക്കാനായിരിക്കും ലുലുവിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻ സർക്കാർ ലുലുവിന് അനുകൂലമല്ലാത്ത നിലപാടുകൾ സ്വീകരിച്ച സാഹചര്യമുണ്ടായിരുന്നു, എന്നാൽ ചന്ദ്രബാബു നായിഡുവും സർക്കാരും ലുലുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.
ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി, സുപ്രധാന തീർത്ഥാടന നഗരമായ തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിംഗ് മാളും സ്ഥാപിക്കാനാണ് ലുലു താൽപര്യം പ്രകടിപ്പിച്ചത്. ഇത് വൈകാതെ ട്രാക്കിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ തന്നെ കോഴിക്കോടും കോട്ടയത്തും ഉൾപ്പെടെ ലുലു മാളുകൾ തുറന്നിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.












Click it and Unblock the Notifications