ക്രൂഡ് ഓയിലൊന്നും ഏഴയലത്ത് ഇല്ല: മുകേഷ് അംബാനിക്ക് കൂടുതല്‍ വരുമാനം ഈ മേഖലയില്‍ നിന്ന്; നമ്മുടെ പണവും
പരമ്പരാഗതമായി എണ്ണ, ഗ്യാസ്, എണ്ണ-രാസവസ്തു (ഒ2സി), ടെക്സ്റ്റയില്‍ ബിസിനസ് രംഗത്ത് ഇന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുന്ന കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. എന്നാല്‍ കാലം മാറിയതോടെ ബിസിനസ് കൂടുതല്‍ രംഗങ്ങളിലേക്കും കമ്പനി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ വ്യാപിപ്പിച്ച് കഴിഞ്ഞു. ഇത് കമ്പനിയുടെ വരുമാനത്തിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അതായത് ഏത് മേഖലയില്‍ നിന്നാണ് റിലയൻസിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതെന്ന് നോക്കിയാല്‍ അതില്‍ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ കാണാന്‍ സാധിക്കും.
2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, റിലയൻസ് 58024 കോടി രൂപയുടെ റെക്കോർഡ് EBITDA (ലാഭം - പലിശ, നികുതി, മൂല്യത്തകർച്ച, കുറയ്ക്കൽ എന്നിവ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം)യും 30783 കോടി രൂപയുടെ അറ്റാദായവുമാണ് സ്വന്തമാക്കിയതെന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് പാദങ്ങളായി റിലയൻസിന്റെ വരുമാന സ്രോതസ്സുകളിൽ മാറ്റം സംഭവിക്കുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അത് കൂടുതല്‍ വ്യക്തമായി.

റിലയൻസിന്റെ ടെലികോം ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമുകളാണ് 18312 കോടി രൂപയുടെ EBITDA രേഖപ്പെടുത്തി വരുമാനത്തില്‍ മുന്നില്‍. ഇത് കമ്പനിയുടെ മൊത്തം EBITDA-യുടെ 32 ശതമാനം വരും. ജിയോയുടെ 5G ഉപയോക്തൃ അടിത്തറ 20 കോടി കടന്നപ്പോള്‍ ഹോം ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 2 കോടിയിലെത്തി. കണക്കുകള്‍ പ്രകാരം ശരാശരി ഉപയോക്തൃ വരുമാനം (ARPU) 208.8 രൂപയായി ഉയർന്നു.
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് (RRVL) 6381 കോടി രൂപയുടെ EBITDA രേഖപ്പെടുത്തി രണ്ടാമത് എത്തി. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 12.7 ശതമാനം വർധനവാണ് ഈ മേഖയിലുണ്ടായത്. ഈ പാദത്തിൽ റിലയൻസ് റീട്ടെയിൽ 84171 കോടി രൂപയുടെ വരുമാനം നേടുകയും രാജ്യത്തുടനീളം 388 പുതിയ സ്റ്റോറുകൾ തുറക്കുകയും ചെയ്തു. ഉപഭോക്തൃ അടിത്തറ 35.8 കോടി (358 മില്യൺ) ആയി വളർന്നു.
വർഷങ്ങളോളം റിലയൻസിന്റെ വരുമാനത്തിന്റെയും ലാഭത്തിന്റെയും പ്രധാന ഉറവിടമായിരുന്ന എണ്ണ-രാസവസ്തു (O2C) വിഭാഗം ഈ പാദത്തിൽ 14,511 കോടി രൂപയുടെ EBITDA രേഖപ്പെടുത്തി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.8 ശതമാനം വർധനവിലേക്ക് എതി. എന്നിരുന്നാലും, ഈ വിഭാഗത്തിന്റെ വരുമാനം 1.5 ശതമാനം കുറഞ്ഞു. ജിയോ-ബിപി വഴിയുള്ള ഇന്ധന വിൽപ്പന വർധിച്ചത് ലാഭ മാർജിൻ മെച്ചപ്പെടുത്താൻ സഹായിച്ചു.
റിലയൻസിന്റെ പരമ്പരാഗത എണ്ണ-ഗ്യാസ് ബിസിനസ്, ഒരുകാലത്ത് കമ്പനിയുടെ പ്രധാന ഐഡന്റിറ്റിയായിരുന്നു. 4996 കോടി രൂപയുടെ EBITDA യാണ് ഈ വിഭാഗത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.1 ശതമാനം കുറവാണ്. കെജി-ഡി6 ഗ്യാസ് ഫീൽഡിൽ നിന്നുള്ള ഉൽപ്പാദനം കുറഞ്ഞതും കോൾ ബെഡ് മീഥേൻ (CBM) ഗ്യാസിന്റെ വില കുറഞ്ഞതും കമ്പനിയെ ബാധിച്ചു. ഈ വിഭാഗത്തിന്റെ വരുമാനം 1.2 ശതമാനം കുറഞ്ഞു. എന്നിരുന്നാലും, 81.9 ശതമാനം EBITDA മാർജിൻ നിലനിർത്തി, ചെലവുകൾ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കുന്നു.












Click it and Unblock the Notifications