അടുത്ത 4 ദിവസം മഴ തകര്‍ത്ത് പെയ്യും, ചെന്നൈയില്‍ മുന്നറിയിപ്പ്, ഉരുള്‍പ്പൊട്ടലിനും സാധ്യത
ചെന്നൈ: പ്രളയം മുക്കിയ ചെന്നൈ നഗരത്തില്‍ ഭീതി അവസാനിക്കുന്നില്ല. അടുത്ത് നാല് ദിവസത്തേക്ക് ചെന്നൈയില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച്ച തുടങ്ങിയ മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ചെന്നൈ നഗരം. പല മേഖലകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ അതിശക്തമായ മഴയായിരുന്നു. ജനങ്ങള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കി പലയിടത്ത് നിന്നും ഒഴിപ്പിച്ചിരിക്കുകയാണ്. കാറുകള്‍ വരെ മുങ്ങിപ്പോയിട്ടുണ്ട്. റബ്ബര്‍ ബോട്ടുകളിലാണ് പലരെയും രക്ഷപ്പെടുത്തിയത്. അടുത്ത നാല് ദിവസവും ചെന്നൈ നിവാസികള്‍ ജാഗ്രതയോടെ ഇരിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പുതുച്ചേരിയിലും ആന്ധ്രപ്രദേശിലും ശക്തമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴ ശക്തിപ്പെടാനുള്ള കാരണം. കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കി വിടാന്‍ 500 മേഖലകളില്‍ ചെന്നൈ കോര്‍പ്പറേഷന്‍ പമ്പുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ഒരുലക്ഷത്തോളം ഭക്ഷണ പാക്കറ്റുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും ചികിത്സയുമെല്ലാം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അടക്കം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് എല്ലാവരെയും ആവേശത്തിലാക്കിയിരിക്കുകയാണ്.
ചെന്നൈ അടക്കം പതിനൊന്ന് ജില്ലകളാണ് കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങളാല്‍ ബാധിക്കപ്പെട്ടിരിക്കുന്നത്. എല്ലാ മന്ത്രിമാരോടും ദുരന്ത മുഖത്ത് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സംഘത്തെ പ്രളയം ബാധിക്കപ്പെട്ട മേഖലകളിലേക്ക് അയക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ ബാധിത മേഖലകള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. റെഡ് അലര്‍ട്ടാണ് തമിഴ്‌നാട്ടിന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയിരിക്കുന്നത്. കനത്ത മഴ തന്നെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി പ്രതീക്ഷിക്കാമെന്ന് അവര്‍ പറയുന്നു. അതേസമയം പലയിടത്തും മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും വരെ സാധ്യതയുണ്ട്. റോഡുകളും തകരാം.
നദികള്‍ പലതും കരകവിഞ്ഞ് ഒഴുകുമെന്നാണ് മുന്നറിയിപ്പ്. താഴ്്ന്ന പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേന പരിശോധന നടത്തുന്നുണ്ട്. പ്രളയത്തില്‍ ഇവ മുങ്ങി പോകുമെന്നാണ് ഭീതി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ ദുരിതാശ്വാസ ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും നഗരത്തില്‍ ഉടനീളം തുറന്നിട്ടുണ്ട്. പ്രളയബാധിതകര്‍ക്ക് ഇവര്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഇത്തവണ 43 ശതമാനത്തോളം മഴ കൂടുതലാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ലഭിച്ചത്. പലയിടത്തും പാലങ്ങള്‍ വരെ മുങ്ങിപോയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. നടന്‍ കമല്‍ഹാസന്‍ ആരാധകരോട് ജനങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications