തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്: തൂത്തുവാരി ഡിഎംകെ സഖ്യം, തകര്‍ന്നടിഞ്ഞ് അണ്ണാ ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാർട്ടി അടിസ്ഥാനത്തിൽ മത്സരിച്ച സീറ്റുകള്‍ തൂത്തുവാരി ഭരണകക്ഷിയായ ഡി എം കെ (ദ്രാവിഡ മുന്നേറ്റ കഴകം). 140 ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ പോസ്റ്റുകളിൽ, ഡി എം കെ 64 സ്ഥാനങ്ങളിൽ വിജയിക്കുകയോ മുന്നേറുകയോ ചെയ്യുമ്പോൾ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാ എ ഐ എ ഡി എം കെ മുന്നിട്ട് നില്‍ക്കുന്നത് നാല് സീറ്റില്‍ മാത്രമാണ്. 1,381 പഞ്ചായത്ത് യൂണിയൻ വാർഡ് മെമ്പർ തിരഞ്ഞെടുപ്പില്‍ ഡിഎംകെ 166 പോസ്റ്റുകളിൽ വിജയിച്ചപ്പോള്‍ എഐഎഡിഎംകെയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് 26 എണ്ണം മാത്രമാണ്.
പി എം കെ ആറിടത്തും എ എം എം കെ ഒരിടത്തും മറ്റുള്ളവര്‍ നാല് സീറ്റുകളിലും വിജയിച്ചു. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആർ കടൽമണി തിരുച്ചി ജില്ലയിലെ സിരുമാരുതൂർ ഗ്രാമത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാണ് വോട്ടെണ്ണലിന്റെ തുടക്കത്തിലുണ്ടായ ശ്രദ്ധേയ സംഭവം. കടൽമണി 424 വോട്ടുകൾ നേടിയപ്പോൾ എതിരാളിയായ ആർ കണ്ണിയമ്മാൾ 423 വോട്ടുകളും കരസ്ഥമാക്കി. കോയമ്പത്തൂർ ജില്ലയിൽ കുരുടമ്പാളയത്തിൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി ഡി കാർത്തിക്ക് ഒരു വോട്ട് മാത്രം ലഭിച്ചതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്.

ഫലം വന്നതിന് പിന്നാലെ ബി ജെ പിയുടെ സംസ്ഥാന ഘടകത്തെയും പ്രസിഡന്റ് കെ അണ്ണാമലൈയെയും ട്രോളിക്കൊണ്ട് "ഒറ്റ് വോട്ടു ബിജെപി" എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കൽപ്പാട്ട് ജില്ലയിൽ 16 ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ സീറ്റുകളില്‍ 7 ലും ഡിഎംകെ ലീഡ് ചെയ്യുകയാണ്. ഇവിടെ എ ഐ എ ഡി എം കെ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. പഞ്ചായത്ത് യൂണിയൻ വാർഡ് മെമ്പർ തസ്തികകളിൽ തിരഞ്ഞെടുപ്പ് നടന്ന 154 സ്ഥാനങ്ങളിൽ 13 ലും ഡി എം കെ മുന്നിലാണ്. ഏഴ് സീറ്റില്‍ മാത്രമാണ് എ ഐ ഡി എം കെയ്ക്ക് മുന്നിലെത്താന്‍ സാധിച്ചത്.
ഫലം പ്രഖ്യാപിച്ച 44 പഞ്ചായത്ത് യൂണിയൻ വാർഡുകളിൽ 33 ലാണ് ഡി എം കെ മുന്നിലെത്തിയത്. ഒന്‍പത് ജില്ലാ പഞ്ചായത്തുകളും ഡി എം കെ സഖ്യം അധികാരത്തിലെത്തുന്ന രീതിയാലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പാളയംകോട്ടൈ യൂണിയനിൽ, ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 14 വാർഡുകളിലെ എട്ടിലും വിജയിക്കുകയും ശേഷിക്കുന്നവയില്‍ മുന്നേറുകയും ചെയ്യുകയാണ്. പാപ്പക്കുടി പഞ്ചായത്ത് യൂണിയൻ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ (എം) സ്ഥാനാർത്ഥി ജെ. സമധാനം വാർഡ് 2 ൽ തിരഞ്ഞെടുക്കപ്പെട്ടു. സി പി എം സ്ഥാനാര്‍ത്ഥിക്ക് 1,611 വോട്ടുകൾ ലഭിച്ചപ്പോള്‍ എ ഐ എ ഡി എം കെ സ്ഥാനാർത്ഥി കെ വിജയ്ക്ക് നേടാന്‍ സാധിച്ചത് 1,374 വോട്ടുകള്‍ മാത്രമായിരുന്നു.
Recommended Video
അതേസമയം, വോട്ടെണ്ണൽ ഉചിതമായ രീതിയിൽ നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്രമക്കേടുകൾക്ക് സാധ്യതയുള്ളതിനാൽ മുഴുവൻ വോട്ടെണ്ണൽ പ്രക്രിയയും വീഡിയോ എടുക്കാൻ എസ്ഇസിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗാർത്ഥികളുടെ ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്












Click it and Unblock the Notifications