കൊച്ചി തീരത്തു കുടുങ്ങിയ കപ്പലിലെ നാഫ്ത മറ്റൊരു ടാങ്കറിൽ മാറ്റി നിറയ്ക്കും
കൊച്ചി: പൊട്ടിത്തെറിയെ തുടർന്നു കൊച്ചി തുറമുഖത്തു 14.5 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങി കിടക്കുന്ന കപ്പൽ അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു. ഇതിനു സാധിച്ചില്ലെങ്കിൽ ടാങ്കറിലെ നാഫ്ത ഇന്ധനം മറ്റൊരു കപ്പലിലേക്ക് മാറ്റി നിറക്കുന്നതു പരിഗണനയിൽ. കഴിഞ്ഞ 13ന് എൻജിൻ മുറിയ്ക്കു സമീപമുണ്ടായ പൊട്ടിത്തെറിയെ തുടർന്നു പുറംകടലിൽ നങ്കൂരമിട്ട ചരക്കു കപ്പൽ എം.വി.നളിനിയുടെ തകരാർ പരിഹരിക്കാനാണു ശ്രമം തുടരുന്നത്.
കപ്പലിൽ കാർബൺ ഡയോക്സൈഡ് നിറച്ച ശേഷം ഒക്സിജൻ കവചിത സംവിധാനങ്ങൾ ധരിച്ച സാങ്കേതിക വിദഗ്ധർ കഴിഞ്ഞ രണ്ടു ദിവസമായി ചോർച്ച പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ആവശ്യമെങ്കിൽ വിദേശത്തു നിന്നു സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്നതും പരിഗണനയിലാണ്. തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ടാങ്കർ കൊണ്ടു വന്നു മാറ്റി നിറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

25,000 ടൺ നാഫ്തയാണ് ടാങ്കറിലുള്ളത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നു കൊളംബോയിലേക്കു പോകുന്നതിനിടെയാണ് എൻജിൻ റൂമിന് സമീപത്തെ കാബിനിൽ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ പൊള്ളലേറ്റ മറൈൻ എൻജിനീയറിങ് ട്രെയ്നി യോഗേഷ് കാഞ്ചി സോളങ്കി മരിച്ചു. ക്യാപ്റ്റൻ ഉൾപ്പെടെ ബാക്കിയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
ഇവരിൽ 17 പേരെ കൊച്ചിയിലെത്തിച്ചു. ക്യാപ്റ്റനും മറ്റു മൂന്നു പേരും കപ്പിലിന് സമീപം ടഗ്ഗിൽ തങ്ങുകയാണ്. വൻ സ്ഫോടനശേഷിയുള്ള ഇന്ധനമാണ് നാഫ്ത. അതിനാൽ പൊട്ടിത്തെറിയുണ്ടായുടൻ കപ്പലിന്റെ എൻജിൻ ഉൾപ്പെടെ ഓഫാക്കി. ഇടിമിന്നൽ ഏറ്റ് സ്ഫോടനത്തിന് സാധ്യതയുള്ളതിനാൽ കപ്പലിന് ചുറ്റുവട്ടത്തും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഷിപ്പിങ് ഏജൻസിയായ അറ്റ്ലാന്റിക് നൽകിയ പരാതിയിൽ ഫോർട്ട് കൊച്ചി തീരദേശ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കപ്പലിൽ പരിശോധന നടത്താൻ സാധിച്ചിട്ടില്ല. തകരാർ പരിഹരിച്ച ശേഷം മാത്രമെ ഇതിനു സാധ്യതയുള്ളു.












Click it and Unblock the Notifications