ജോജുവിനും ലിജോയ്ക്കുമെതിരെ കേസെടുക്കണം, ചുരുളിയിലുള്ളത് ഗുണ്ടാ സംസ്‌കാര ഭാഷയെന്ന് പരാതി
കൊച്ചി: ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ചുരുളി കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസായിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ ചൊല്ലിയായിരുന്നു വിവാദം. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന തെറിപ്രയോഗങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. ഹെഡ് സെറ്റില്ലാതെ എങ്ങനെ ചിത്രം കാണുമെന്ന് വരെ ചോദിച്ചിരിക്കുന്നത്. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ ജോണ്‍സന്‍ എബ്രഹാം മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരിക്കുകയാണ്.

ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ജോണ്‍സന്‍ പറയുന്നു. ലിജോ ജോസ് പെലിശ്ശേരിക്കും ജോജു ജോര്‍ജും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണണെന്നാണ് ഇയാളുടെ പരാതിയിലെ ആവശ്യം. നേരത്തെ ചിത്രത്തിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എംഎസ് നുസൂറായിരുന്നു രംഗത്ത് വന്നിരുന്നത്. അതേസമയം ജോണ്‍സന്‍ പരാതിയില്‍ പറയുന്നത് ഇങ്ങനെ. ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവില്‍ റിലീസ് ചെയ്ത ചുരുളി എന്ന മലയാള ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും, ധാര്‍മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് ജോണ്‍സന്‍ പറയുന്നു.
പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാര ഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിയിക്കുന്നതിനുമാണ്. ജോജു ജോര്‍ജ് മുഖ്യ കഥാപാത്രമായ സിനിമ സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടെയും, തങ്ങളുടെ പ്രവര്‍ത്തിയില്‍ അപ്രകാരം സംഭവിക്കുമെന്ന് അറിവുണ്ടായിട്ടും സംവിധായകനും ജോജു ജോര്‍ജും തിരക്കഥാക്കൃത്തുകളും ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്ക് ആവശ്യമായവയും ചമച്ചിട്ടുള്ളതാണ്. അതുകൊണ്ട് ജോജുവിനും സംവിധായകനും നിര്‍മാതാവിനുമെതിരെ അടക്കം ക്രിമിനല്‍ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് എംഎസ് നുസൂര്‍ ചുരുളിയിലെ ഒരു ക്ലിപ്പ് പങ്കുവെച്ചായിരുന്നു പ്രതിഷേധം അറിയിച്ചത്. ആ ക്ലിപ്പില്‍ ജോജു ജോര്‍ജ് തെറി അടങ്ങുന്ന സംഭാഷണങ്ങളാണ് മറ്റ് കഥാപാത്രങ്ങളോട് പറയുന്നത്. ദയവുചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുത്. ചിലര്‍ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. 'ബിരിയാണി' സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മളെന്നും നുസൂര്‍ ചോദിക്കുന്നു.
സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല. വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ ? എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണമെന്നും നുസൂര്‍ പറഞ്ഞു. അതേസമയം ജോജുവിനെതിരെയുള്ള പ്രതിഷേധമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്.
ഇതിന് പിന്നാലെ തിരുത്തല്‍ കുറിപ്പും ഇയാള്‍ പങ്കുവെച്ചിരുന്നു. ഇതിന് തൊട്ട് മുന്‍പ് ഞാന്‍ 'ചുരുളി 'സിനിമയെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ കഥാപാത്രത്തിന്റെ അശ്ലീലപദപ്രയോഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുമോ എന്ന ഒരു പിതാവിന്റെ ആശങ്കയോടെയും, യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ തലത്തിലും ഞാന്‍ പ്രതികരിച്ചിരുന്നു. അപ്പോള്‍ ഞാന്‍ ഈ സിനിമയുടെ സെന്‍സറിങ് വിഷയത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് വിവാദമായി ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ ചലച്ചിത്ര മേഖലയില്‍ നിന്നുമുള്ള സുഹൃത്തുക്കളില്‍ നിന്നും ഒടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം വേണ്ട എന്ന് മനസിലായി.
ആ സിനിമയുടെ ആരംഭത്തില്‍ അ സര്‍ട്ടിഫിക്കറ്റ് എന്ന് എഴുതികാണിക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ അത് സെന്‍സര്‍ ബോര്‍ഡ് നല്കുന്നതാണെന്നേ ചിന്തിക്കുകയുള്ളൂ.. പക്ഷെ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഒടിടി പ്ലാറ്റ്‌ഫോമിലുള്ള സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി വേണ്ട എങ്കില്‍ രാജ്യത്ത് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യവുമില്ല. കാരണം ഇത്തരത്തിലുള്ള സിനിമകള്‍ തീയേറ്ററില്‍ നിയന്ത്രിക്കാനാണല്ലോ ഈ ബോര്‍ഡ്. ഇതൊക്ക മറ്റൊരു പ്ലാറ്റ്ഫോമില്‍ പുതുതലമുറയുടെ കയ്യില്‍ എത്തുമെങ്കില്‍ ഈ ബോര്‍ഡ് അംഗങ്ങള്‍ക്ക് പണം ചിലവാക്കേണ്ട കാര്യമുണ്ടോ? ഇത് നിയന്ത്രിക്കാന്‍ പാര്‍ലമെന്റിനും കഴിയില്ല. കാരണം നമ്മുടെ രാജ്യത്തിന്റെ ആവശ്യമേഖലയും ആഭാസമേഖലയെയും നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളായി മാറിക്കഴിഞ്ഞുവെന്നും നുസൂര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications