എറണാകുളത്ത് ജനകീയ സ്ഥാനാര്‍ത്ഥി കെജെ ഷൈന്‍; ഹൈബിയുടെ പൊന്നാപുരം കോട്ട പിടിക്കാന്‍ സിപിഎം
കൊച്ചി: എറണാകുളം പിടിക്കാന്‍ ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുമായി സിപിഎം. കെജെ ഷൈനിനെയാണ് ഹൈബി ഈഡനെ പരാജയപ്പെടുത്താനായി സിപിഎം നിയോഗിച്ചിരിക്കുന്നത്. എറണാകുലത്ത് വിജയിക്കുകയെന്നാല്‍ അങ്ങേയറ്റത്തെ ദുഷ്‌കരമാണെന്ന് സിപിഎമ്മിന് അറിയാം. സമീപകാലത്തായി ജില്ലയില്‍ ഇടതുപക്ഷ നേട്ടമുണ്ടാക്കിയിരുന്നെങ്കിലും, തൃക്കാക്കരയില്‍ തോറ്റത് വലിയ ക്ഷീണമായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യം ഉറപ്പിച്ചിട്ടില്ലെങ്കിലും ഹൈബി തന്നെ ഇത്തവണ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. പറവൂര്‍ നഗരസഭാ കൗണ്‍സിലറും, കെഎസ്ടിഎ നേതാവുമാണ് കെജെ ഷൈന്‍. പ്രാദേശിക തലത്തിലെ നേതാവും, ജനകീയയും എന്ന വിശേഷണത്തോടെയാണ് ഷൈന്‍ യുഡിഎഫ് കോട്ട പിടിക്കാന്‍ ഇറങ്ങുന്നത്.

എറണാകുളം ജില്ലയില്‍ ഇതുവരെ ഇടതുപക്ഷത്തിന് അത്ര നല്ല പ്രകടനമല്ല പറയാനുള്ളത്. 2019ല്‍ ഹൈബിക്കെതിരെ പി രാജീവിനെ തന്നെയായിരുന്നു ഇടതുപക്ഷം രംഗത്തിറക്കിയത്. എന്നാല്‍ സംസ്ഥാനം മൊത്തം യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ റെക്കോര്‍ഡ് തോല്‍വിയാണ് ഇടതുപക്ഷം നേരിട്ടത്. 1,69153 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഹൈബിയുടെ വിജയം.
ആകെ പോള്‍ ചെയ്ത വോട്ടില്‍ 4,91263 വോട്ടുകള്‍ ഹൈബി സ്വന്തമാക്കി. അതായത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 50.79 ശതമാനവും ഹൈബിക്കായിരുന്നു. രാജീവിന് ആകെ ലഭിച്ചത് 3,22110 വോട്ടാണ്. 33.3 ശതമാനം വരും ഇത്. ബിജെപിയുടെ അല്‍ഫോണ്‍സ് കണ്ണന്താനം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
രണ്ട് തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഹൈബി. 2011ല്‍ 32437 വോട്ടിനും, 2016ല്‍ 21949 വോട്ടിനുമായിരുന്നു വിജയം. ഇത്തവണ എറണാകുളം ജില്ലയില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും അത്ര നല്ല ഇമേജല്ല ഉള്ളത്. സമരങ്ങളും, പ്രതിഷേധങ്ങളുമായി ജില്ലാ നേതൃത്വം വളരെയധികം സജീവമായിരുന്നു.
സര്‍ക്കാരിനെതിരെ നിരന്തരം സമരങ്ങള്‍ നടക്കുന്നതിനും ജില്ല സാക്ഷിയായിരുന്നു. പ്രതികൂല സാഹചര്യം ധാരാളം ഉള്ളതിനാല്‍ ഹൈബിക്കെതിരെ കനത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. പ്രാദേശിക തലത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് ഷൈനിന് ഹൈബിയെ നേരിടാനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫിന്റെ പൊന്നാപുരം കോട്ട വീഴ്ത്തിയാല്‍ ജില്ലയില്‍ വലിയ നേട്ടങ്ങള്‍ക്കും സിപിഎമ്മിന് സാധ്യത തുറക്കും.
മണ്ഡലത്തിന്റെ ചരിത്രം നോക്കിയാല്‍ യുഡിഎഫിന് വ്യക്തമായ ആധിപത്യം എറണാകുളത്ത് ഉള്ളതായി കാണാം. നാല് തവണ കെവി തോമസ് എറണാകുളം മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 2014ല്‍ 87047 വോട്ടിനായിരുന്നു തോമസിന്റെ വിജയം. എല്‍ഡിഎഫ് സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയായിരുന്നു പരാജയപ്പെടുത്തിയത്.
സെബാസ്റ്റ്യന്‍ പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2004ല്‍ ഇവിടെ വിജയം നേടിയിരുന്നു. ഇത്തവണ കെവി തോമസ് ഇടതുപാളയത്തിലാണ്. ഇത് യുഡിഎഫ് വോട്ടുകള്‍ കൂടി പിടിക്കാന്‍ സഹായിക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.












Click it and Unblock the Notifications