എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുന് പ്രസിഡന്റിന്റെ ആത്മഹത്യ: പോലീസ് മൊഴിയെടുത്തു..
കൊച്ചി: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. കൃഷ്ണൻ കായലിൽ ചാടി ജീവനൊടുക്കിയ കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗങ്ങളിൽ നിന്നു മൊഴിയെടുത്തു തുടങ്ങി. ലോക്കൽ കമ്മിറ്റിയിൽ നിന്നുണ്ടായ മാനസിക പീഡനത്തെ തുടർന്നാണു ആത്മഹത്യയെന്ന ആരോപണത്തെ തുടർന്നാണിത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ മൂന്നു പേരുടെ മൊഴികൾ എളങ്കുന്നപ്പുഴ പൊലീസ് ഇന്നലെ രേഖപ്പെടുത്തി. മുഴുവൻ അംഗങ്ങളിൽ നിന്നു വിവരങ്ങൾ ശേഖരിച്ച ശേഷം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ.ശശിയെ ചോദ്യം ചെയ്യാനാണു തീരുമാനം.
തന്നെ പാർട്ടിയിൽ നിന്നു പുകച്ചു പുറത്താക്കുന്ന സമീപനമാണു ലോക്കൽ കമ്മിറ്റിയുടേതെന്ന് കൃഷ്ണന്റെ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു. ജീവനൊടുക്കാൻ ഇടയായ കാരണങ്ങൾ അന്വേഷിക്കണമെന്നു കൃഷ്ണന്റെ ബന്ധുക്കളും സിപിഐ ഉൾപ്പെടെ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 10നു ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഫണ്ട് വിനിയോഗം സംബന്ധിച്ചു രൂക്ഷമായ തർക്കമുണ്ടായതായും ഇതിനിടെ കൃഷ്ണൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കർത്തേടം സഹകരണ ബാങ്ക് ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യോഗം ചർച്ച ചെയ്തത്. ഈ ബാങ്കിന്റെ ഭരണസമിതിയിൽ അംഗമായിരുന്നു കൃഷ്ണൻ. സിപിഐ പ്രസിഡന്റ് സ്ഥാനം കൈയാളുന്ന ബാങ്കിൽ ഭരണം തിരികെ പിടിക്കാനുള്ള തന്ത്രങ്ങളായിരുന്നു പ്രധാന വിഷയം. ഭരണസമിതിയിൽ സിപിഐയെ പിന്തുണയ്ക്കുന്ന സമീപനമാണു കൃഷ്ണന്റേതെന്ന് ലോക്കൽ കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു.
ഈ യോഗത്തിനു രണ്ടു ദിവസം കഴിഞ്ഞാണ് വൈപ്പിൻ-ഫോർട്ട് കൊച്ചി ബോട്ട് യാത്രയ്ക്കിടെ കായലിൽ ചാടിയത്. ഇതിനു തൊട്ടു മുമ്പു സഹയാത്രികന് കൈമാറിയ ആത്മഹത്യാ കുറിപ്പിലാണു ലോക്കൽ കമ്മിറ്റിക്കെതിരെ രൂക്ഷ പരാമർശമുള്ളത്. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യയെ കുറിച്ചു പാർട്ടി തലത്തിലും അന്വേഷണം നടത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications