ഉറങ്ങിപ്പോയതല്ല, അപകടമുണ്ടായിരുന്നെങ്കില്‍ തിരിച്ച് പറയുമായിരുന്നു: വിശദീകരിച്ച് എറണാകുളം കളക്ടര്‍
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍ രേണു രാജ്. അന്നത്തെ ദിവസം ജില്ലയ്ക്ക് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്ന് കളക്ടര്‍ പറയുന്നു. അതുകൊണ്ട് നിയമപ്രകാരം അവധി കൊടുക്കണമെന്നില്ലായിരുന്നു. താന്‍ ഉറങ്ങിപോയതല്ലെന്നും ട്രോളുകള്‍ക്ക് മറുപടിയായി രേണു രാജ് പറഞ്ഞു.
അന്ന് പുലര്‍ച്ചെ വന്ന അലര്‍ട്ടില്‍ മഴ കൂടുന്നതായി കാണിച്ചിരുന്നു. അപ്പോഴും രാവിലെയാകുമ്പോഴേക്ക് മഴ ശമിക്കുമെന്നാണ് കരുതിയത്. രാവിലെ ഏഴരയ്ക്ക് വന്ന അലര്‍ട്ടില്‍ അതിശക്തമായ കാറ്റും മഴയും ജില്ലയിലുണ്ടാവുമെന്നും വന്നിരുന്നു.

ഉച്ചയോടെ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നും അലര്‍ട്ടിലുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഉച്ചയോടെ നദികളിലെ വെള്ളത്തിന്റെ നിരപ്പ് ഉയരാന്‍ തുടങ്ങി. അതുകൊണ്ട് അന്നത്തെ ദിവസം അവധി പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകിയാണെങ്കിലും പ്രഖ്യാപിച്ചത്. രണ്ടാമത്തെ കാര്യം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടായതാണ്. അതില്‍ പരാതി പറയുന്നതില്‍ പ്രശ്‌നമില്ല.

എനിക്ക് മനസ്സിലാവും. ആ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെയൊക്കെ പറയും. പക്ഷേ അത്തരമൊരു സാഹചര്യത്തില്‍ ബുദ്ധിമുട്ടിയാലും ഒരു തീരുമാനമെടുക്കാതെ നിര്‍വാഹമില്ലെന്നും രേണു രാജ് പറഞ്ഞു. അന്ന് താന്‍ ഉറങ്ങിപ്പോയതല്ല, കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നില്‍ വന്നപ്പോള്‍ സുരക്ഷ തിരഞ്ഞെടുത്തതാണെന്ന് കളക്ടര്‍ പറയുന്നു.

അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ തിരിച്ചുപറയുമായിരുന്നു. അന്നത്തെ തീരുമാനത്തില്‍ നൂറ് ശതമാനം ബോധ്യമുണ്ട്, തെറ്റ് പറ്റിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. രാവിലെ 8.25നാണ് കളക്ടര്‍ രേണു രാജ് ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് പോയതിന് ശേഷമായിരുന്നു കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പല രക്ഷിതാക്കളും കളക്ടറുടെ തീരുമാനത്തില്‍ ബുദ്ധിമുട്ടിയിരുന്നു. ജോലി സ്ഥലത്ത് നിന്ന് മടങ്ങി വന്നാല്‍ കുട്ടികളെ ഇവര്‍ കൊണ്ടുപോയത്. മുന്നറിയിപ്പ് എന്ന് പറയുന്നത് ഒരു വിവരം മാത്രമാണ്. വസ്തുത എന്താണെന്ന് നോക്കിയാണ് തീരുമാനമെടുക്കുക.

കുട്ടികള്‍ ഉച്ചകഴിഞ്ഞ പോകട്ടെ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍, ആ സമയം വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കില്‍ നിങ്ങള്‍ തിരിച്ച് പറയുമായിരുന്നു. അല്‍പ്പം വൈകിയാണെങ്കില്‍ അവധി കൊടുക്കേണ്ടതായിരുന്നു എന്ന് പറയുമായിരുന്നു. ബുദ്ധിമുട്ടെല്ലാവര്‍ക്കുമുണ്ടായി. ഇനി അത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കും. ആ തീരുമാനത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. അവധി പ്രഖ്യാപിക്കുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും രേണുരാജ് പറഞ്ഞു.












Click it and Unblock the Notifications