പറവൂരിലെ ക്ഷേത്രങ്ങളിൽ കവർച്ച; മൂന്ന് പേർ കൂടി പിടിയിൽ, പിടിയിലായവരുടെ എണ്ണം ആറായി
ആലുവ: പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, ശ്രീനാരായണപുരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ കൂടി പൊലീസ് പിടിയിലായി. കരുനാഗപ്പള്ളിയിൽ നിന്നും എക്സൈസ് സംഘം പിടികൂടിയ മൂന്ന് പ്രതികൾക്ക് പുറമെയാണ് മൂന്ന് പേരെ കൂടി പിടികൂടിയതെന്ന് റൂറൽ എസ്.പി രാഹുൽ ആർ. നായർ പറഞ്ഞു.
ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ആറായി. പ്രതികൾക്ക് സ്വർണം ഉരുക്കാൻ സഹായിച്ചയാളെ പൊലീസ് തിരയുന്നുണ്ട്. രണ്ട് ക്ഷേത്രങ്ങളിൽ നിന്നായി 30 പവൻ സ്വർണത്തിൽ 21 പവൻ സ്വർണവും പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് മണ്ണാർക്കാട് മുക്കാലികരയിൽ നാക്കുഴിപ്പാട്ട് ഷാജി മാത്യു മത്തായി (47), ചേർത്തല പള്ളിപ്പുറം അമ്പാട്ടുവീട്ടിൽ മഹേഷ് (44) എന്നിവരെയാണ് പൊള്ളാച്ചിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

ചാവക്കാട് ബ്ളാങ്ങാട് വാടക മുറിയിൽ നിന്നും മധുര കെ ചുണ്ടൂരിൽ സർവ്വയ്യർ കോളനിയിൽ ശരവണനെ (32) യും അറസ്റ്റ് ചെയ്തു. ശരവണൻ ഒഴികെയുള്ളവരെല്ലാം കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണ്. അരുൺ വാടകക്കെടുത്ത മുറിയിൽ നിന്നാണ് ശരവണനെ പിടികൂടിയത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ നിന്നും കഞ്ചാവുമായി കരുനാഗപ്പള്ളി വെളുത്തമണൽ മനുഭവനിൽ അജ്മൽ ഷ എന്ന് വിളിക്കുന്ന അഖിലേഷ് (24), നെടുമങ്ങാട് ഒഴുകുപാറ കിളിത്തട്ടിൽ സന്തോഷ് (35), വടക്കേക്കര മുനമ്പം കവല കൊണ്ടോളിപ്പറമ്പിൽ അരുൺ (31), എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് മുഖ്യപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. മോഷ്ടിച്ചെടുക്കുന്ന സ്വർണം ഉൾപ്പെടെയുള്ളവ ശരവണൻ മുഖേനയാണ് പൊള്ളാച്ചി, മധുര മേഖലകളിൽ വിൽപ്പന നടത്തിയിരുന്നത്.
12ന് രാത്രിയാണ് രണ്ട് ക്ഷേത്രങ്ങളിലും കവർച്ച നടന്നത്. 13ന് വൈകിട്ട് കരനാഗപ്പള്ളിയിൽ നിന്നും. അജ്മൽ ഷ, അരുൺ, സന്തോഷ് എന്നിവർ പിടിയിലായി. സംഭവമറിഞ്ഞ് മുറിയിലുണ്ടായിരുന്ന മഹേഷും ഷാജിയും പൊള്ളാച്ചിയിലേക്ക് മുങ്ങി. എക്സൈസ് പിടിയിലയവരിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ശരവണനെ പൊക്കിയത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയും മഹേഷിന്റെയും ഷാജിയുടെയും പൊള്ളാച്ചി കിണത്തുകടവ് എന്ന സ്ഥലത്തെ പനത്തോട്ടത്തിൽ നിന്നും പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെടാനാകാത്ത വിധം മഫ്ടിയിലെത്തിയ പൊലീസ് ഷെഡ് വളയുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ നാളെ തിരികെ കോടതിയിൽ ഹാജരാക്കും. മറ്റ് മൂന്ന് പേരെ ഇന്നലെ വൈകിട്ട് കോടതി റിമാൻഡ് ചെയ്തു.
ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, പറവൂർ സി.ഐ. കെ. അനിൽകുമാർ, എസ്.ഐ കെ.എ. സാബു, സി.പി.ഒ മാരായ ബിജു, ജോഷി, സിജൻ, മനോജ്, ബിജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications