സുഹൈലിന്റെ കുടുംബം ആഗ്രഹിച്ചത് ഡോക്ടറെ, നടക്കാത്തതില്‍ ദേഷ്യം, മോഫിയ നേരിട്ടത് ക്രൂരപീഡനം
ആലുവ: നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരുന്നു. സുഹൈലിന് വധുവായി ഡോക്ടര്‍ വേണമെന്നായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ പേരിലാണ് മോഫിയ ക്രൂരപീഡനം ഏറ്റുവാങ്ങിയത്. നിക്കാഹിന് ശേഷവും ഡോക്ടറല്ലാത്തതിന്റെ പേരില്‍ മോഫിയയെ ഇവര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ അടക്കം മാനസികവും ശാരീരികവുമായ ക്രൂര പീഡനങ്ങള്‍ മോഫിയക്ക് സഹിക്കേണ്ടി വന്നതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

സുഹൈലില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഫിയയുടെ ശബ്ദസന്ദേശങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. തനിക്ക് വിവാഹത്തിന് ശേഷം ലഭിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങലെ കുറിച്ച് മോഫിയ ഭര്‍ത്താവ് സുഹൈലിനോട് നിരവധി ശബ്ദസന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍ സുഹൈല്‍ ഇതിലൊന്നിനും വ്യക്തമായ മറുപടി നല്‍കുന്നില്ല. അതേസമയം മോഫിയയുടെ ആത്മഹത്യ കുറിപ്പിലും ശക്തമായ വാചകങ്ങളാണ് ഇവയില്‍ പലതിലുമുള്ളത്. സഹിക്കാനാവാത്ത പീഡനം കാരണം ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ താല്‍പര്യമില്ലെന്ന് പല ഘട്ടത്തിലും മോഫിയ ഭര്‍ത്താവിനോട് കരഞ്ഞ് പറയുന്നുണ്ട്.
സുഹൈലിന്റെ ഫോണ്‍ കോടതിയുടെ അനുമതിയോടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നു. ഇതിന്റെ തെളിവും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചു. വീട്ടിലേക്ക് മടങ്ങിയ മോഫിയയെ ഒത്തുതീര്‍പ്പിന്റെ പേരില്‍ സുഹൈല്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി വഴി ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. എന്നാല്‍ ചര്‍ച്ച മുഴുമിപ്പിക്കാതെ സുഹൈല്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
പീഡനം കടുത്തതോടെയായിരുന്നു മോഫിയെ എടയപ്പുറത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍പ്പാക്കി യോജിപ്പിക്കണമെന്ന് മസ്ജിദിന് സുഹൈല്‍ കത്ത് നല്‍കിയത്. അതില്‍ തമ്മില്‍ വീണ്ടും യോജിപ്പിക്കണമെന്നും പറഞ്ഞിരുന്നു. അതനുസരിച്ചാണ് മോഫിയയും വീട്ടുകാരും എത്തിയത്. മോഫിയ ഭര്‍ത്താവിനൊപ്പം ചര്‍ച്ചയെ തുടര്‍ന്ന് പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ സുഹൈല്‍ ഇറങ്ങി പോവുകയായിരുന്നു. മോഫിയ ഇയാളുടെ പിന്നാലെ എത്തി കാലുപിടിച്ചിട്ടും സുഹൈല്‍ വഴങ്ങിയില്ല. മോഫിയ ഇയാളോട് യാചിക്കുന്നതിന് ദൃക്‌സാക്ഷികളുമുണ്ട്. പള്ളിക്കമ്മിറ്റിക്ക് കത്ത് നല്‍കിയത് സ്വയം ന്യായീകരിക്കാനുള്ള പ്രതിയുടെ തന്ത്രമായിരുന്നു.
ഡോക്ടറില്‍ കുറഞ്ഞ ഒരാളെ മകന്‍ വിവാഹം ചെയ്തതില്‍ ദേഷ്യം പ്രകടിപ്പിച്ചാണ് സുഹൈലിന്റെ മാതാപിതാക്കള്‍ മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം ഭര്‍തൃപിതാവ് യൂസഫ്, ഭര്‍തൃമാതാവ് റൂഖിയ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. പോലീസിന്റെ കേസ് ഡയറി എത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. നേരത്തെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications