ഉഗ്രസ്‌ഫോടനത്തില്‍ പൂട്ടിയിട്ട വാതില്‍ തുറന്നുപോയി; ഞെട്ടിത്തരിച്ച് തൃപ്പൂണിത്തുറയിലെ നാട്ടുകാര്‍
കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കശാലയിലെ പൊട്ടിത്തെറിയില്‍ നാട്ടുകാര്‍. സ്‌ഫോടനത്തില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ തുറന്നുപോയെന്ന് പ്രദേശവാസിയായ രാജം പറയുന്നു. സ്‌ഫോടനം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നു. ജോലിക്ക് പോയിരിക്കുകയായിരുന്നു. കുറച്ചപ്പുറത്തായിരുന്നു ജോലി ചെയ്തിരുന്നത്.
ഉഗ്ര ശബ്ദം കേട്ടം താന്‍ ഓടി വരികയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഓടി വന്നപ്പോള്‍ ഇവിടെ മുഴുവന്‍ കത്തുന്നതാണ് കണ്ടത്. പിന്നാലെ ഫയര്‍ ഫോഴ്‌സും വന്നുവെന്ന് ഇവര്‍ പറഞ്ഞു. അതേസമയം സ്‌ഫോടനത്തില്‍ പല വീടുകളും തകര്‍ന്നിട്ടുണ്ട്. റോഡിലാകെ ഇതിന്റെ അവശിഷ്ടങ്ങളാണ്.

ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് ജെസിബി ഉപയോഗിച്ചാണ് മാലിന്യം നീക്കം ചെയ്യുന്നത്. സ്‌ഫോടനത്തില്‍ വാതില്‍ അടക്കം തകര്‍ന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. ഇവിടെ വെടിമരുന്നും, പടക്കവുമൊക്കെ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ച് വെച്ച കെട്ടിടത്തിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ഇവിടെ പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ് വിവരം.
തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് സ്‌ഫോടനത്തില്‍ മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിനാണ് തീപ്പിടിച്ചത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
പുതിയ കാവ് ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി തെക്കുംഭാഗത്തിന്റെ വക വലിയ വെടിക്കെട്ടാണ് പുതിയ കാവ് ക്ഷേത്ര മൈതാനത്ത് നടത്തിയത്. തിങ്കളാഴ്ച്ച രാത്രി വടക്കുംഭാഗത്തിന്റെ വെടിക്കെട്ട് നടത്താനിരിക്കെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. ജനവാസ കേന്ദ്രത്തിലെ വീടാണ് വെടിക്കോപ്പുകള്‍ ശേഖരിക്കുന്നതിനായി ഗോഡൗണാക്കി മാറ്റിയത്.
രണ്ട് കിലോമീറ്റര്‍ ദൂരെ വരെയുള്ള വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അര കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളെല്ലാം തകര്‍ന്ന നിലയിലാണ്. പത്തോളം വീടുകള്‍ ഉപയോഗ ശൂന്യമായിരിക്കുകയാണ്. ഇരുനില വീടുകളുടെ മേല്‍ക്കൂരകള്‍ അടക്കം തകര്‍ന്നു. വീടുകളുടെ വാതിലുകളും ജനലുകളും ഷീറ്റുകളും തകര്‍ന്നിട്ടുണ്ട്.
ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള അനുമതി പടക്ക സംഭരണശാലയ്ക്ക് ലഭിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. സംഭരണത്തിനായി നടത്തിപ്പുകാര്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications