അറബിക്കടലിന്റെ തീരത്ത് മൂന്നു ലക്ഷം പേരുടെ വനിതാമതിൽ; ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടറുടെ പ്രത്യേക യോഗം
കൊച്ചി: ചരിത്രം രചിക്കാൻ അറബിക്കടലിന്റെ തീരത്ത് മൂന്നു ലക്ഷം പേരുടെ വനിതാ മതിൽ. എറണാകുളം ജില്ലയില്‍ പൊങ്ങം മുതല്‍ അരൂര്‍ പാലത്തിന്റെ തെക്കയറ്റം വരെ 49 കിലോമീറ്റര്‍ ദൂരത്തിലാണ് മതില് തീര്‍ക്കുക. തയാറെടുപ്പുകൾ വിലയിരുത്താൻ ജില്ലാ കലക്റ്റർ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയിൽ കലക്റ്ററേറ്റിൽ അവലോകന യോഗം ചേർന്നു. മൂന്ന് ലക്ഷത്തോളം വനിതകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
49 കിലോമീറ്ററില്‍ അങ്കമാലി സിഗ്നല്‍ ജംക്ഷന് മുതല്‍ ആലുവ ദേശം വരെയുള്ള പത്ത് കിലോമീറ്ററില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള 30,000 വനിതകളാണ് പങ്കെടുക്കുക. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തു കൂടിയാണ് മതിലില്‍ പങ്കെടുക്കുന്നവര്‍ അണിനിരക്കുന്നത്. ആകെയുള്ള 49 കിലോമീറ്റര്‍ 21 മേഖലകളാക്കി തിരിച്ച് ഇവിടെ കേന്ദ്രീകരിക്കേണ്ട പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്പ്പറേഷന് വാര്‍ഡുകള്‍ എന്നിവ നിശ്ചയിച്ചിട്ടുണ്ട്.

വനിതാ മതിലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത് ഇടപ്പള്ളി സിഗ്നല്‍ ജംക്ഷന് സമീപമാണ്. വനിതാ മതിലില്‍ അണിചേരുന്നവര്‍ ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അതത് സ്ഥലങ്ങളില്‍ എത്തി 3.45ന് ട്രയല്‍ നടത്തും. ദേശീയപാതയില്‍ വനിത മതില് അണിനിരക്കുന്ന മേഖലകളില്‍ അതത് താലൂക്കുകളുടെ തഹസില്‍ദാര്‍മാരും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളുടെ സെക്രട്ടറിമാര്‍ക്കുമാണ് പൊതുവായ ചുമതല.
ഈ ഉദ്യോഗസ്ഥര്‍ കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് കീഴില്‍ ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിച്ചു. വനിത മതിലുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനം, ഗതാഗതക്രമീകരണം എന്നിവയുടെ ചുമതല റൂറല്‍ ജില്ലാ പരിധിയില്‍ എസ്പിയുടെ മേല്‍നോട്ടത്തിലും സിറ്റി ജില്ലാ പരിധിയില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തിലും നിര്‍വഹിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 29 ന് രാത്രി വനിതകളുടെ നൈറ്റ് വാക്ക് സംഘടിപ്പിക്കും.












Click it and Unblock the Notifications