വണ്ടിപ്പെരിയാര്‍: പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കുന്നു, വീട് നിര്‍മിക്കാനും സഹായം
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന്റെ ബാധ്യത സി പി എം ഏറ്റെടുക്കുന്നു. സി പി എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്തത്. ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ പീഡിപ്പിച്ച ശേഷം കെട്ടിത്തുക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകളാണ് സി പി എം ഏറ്റെടുക്കുന്നത്.
2019 ല്‍ ആയിരുന്നു ഇത്. ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിന് വേണ്ടി വായ്പ എടുത്തത്. അച്ഛനമ്മമാരില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിച്ചിരുന്നത്. എന്നാല്‍ ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതോടെ കുടിശിക ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപയുടെ ബാധ്യത വരികയും ചെയ്തു.

പണം തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നതോടെയാണ് വിഷയത്തില്‍ സി പി എം ഇടപെടുന്നത്. ബാങ്കില്‍ അടക്കേണ്ട 7,39,000 രൂപ സിപിഎം ഇടുക്കി ജില്ല കമ്മറ്റി അടക്കും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഈ മാസം 31 ന് എത്തി കുടുംബത്തിനു തുക കൈമാറും എന്ന് സി പി എം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു അറിയിച്ചു.
കുടുംബം സ്വന്തം സ്ഥലത്ത് ആരംഭിച്ച വീടുപണിയും പാതി വഴിയില്‍ മുടങ്ങി കിടക്കുകയാണ്. വീട് പൂര്‍ത്തിയാക്കാന്‍ ഇനിയും നാല് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇതിന് വേണ്ട സഹായം നല്‍കാനും സി പി എം തീരുമാനിച്ചു. അതിനിടെ വീടിന്റെ അവശേഷിക്കുന്ന പണികള്‍ സി പി ഐ പീരുമേട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചിട്ടുണ്ട്. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ സംസ്‌കരിച്ചത്.
2021 ജൂണ്‍ 30 നായിരുന്നു പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം അര്‍ജുനെ കോടതി വെറുതെ വിടുകയായിരുന്നു. തെളിവ് ശേഖരണത്തില്‍ ഉള്‍പ്പെടെ കേസന്വേഷണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ചയുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി അര്‍ജുനെ വിട്ടയച്ചത്.












Click it and Unblock the Notifications