മൂന്നാറില്‍ മഴ പെയ്‌തൊഴിഞ്ഞു, മാനം തെളിഞ്ഞപ്പോഴേക്ക് അതിശൈത്യം, താപനില 10 ഡിഗ്രി
മൂന്നാര്‍: കനത്ത മഴ ദിവസങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു മൂന്നാറില്‍. പ്രധാന വരുമാന മാര്‍ഗമായ ടൂറിസം പോലും മഴയില്‍ ഒലിച്ച് പോകുന്ന അവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഴയ്ക്ക് ശമനമുണ്ടായിരുന്നു. മഴ മാറി നിന്നിട്ടും നേട്ടം മൂന്നാറിനെ തേടിയെത്തിയില്ല. അതിശൈത്യമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഞായറാഴ്ച്ച രാവിലെ മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യമാണ് രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ പത്ത് ഡിഗ്രിയായിരുന്നു താപനില. മഴ പോയാലും അതിശൈത്യം ഇനി ടൂറിസം മേഖലയ്ക്ക് അടക്കം തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് മൂന്നാറുകാര്‍.

നേരത്തെ കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ആകെ സ്തംഭിച്ച് പോയിരുന്നു. കൊവിഡിന് ശേഷം പതിയെ തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കനത്ത മഴയും മണ്ണിടിച്ചിലുമെല്ലാം ഉണ്ടായത്. ഇതോടെ ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിലായിരുന്നു. ഇവയെ ആശ്രയിച്ച് കഴിയുന്ന ചെറുകിട കച്ചവടക്കാര്‍ക്കും വലിയ ആശങ്കയായിരുന്നു. ഇതൊന്നും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. വനംവകുപ്പിന് കീഴിലുള്ള രാജമലയും ഫ്‌ളവര്‍ ഗാര്‍ഡനും നേരത്തെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നില്ല. കനത്ത മഴയുണ്ടെങ്കില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന രണ്ടിടങ്ങളിലും സഞ്ചാരികള്‍ എത്തിയിരുന്നു. പക്ഷേ തിരക്ക് വളരെ കുറവായിരുന്നു.
അതേസമയം അതിശൈത്യം വില്ലനാവുമോ എന്ന പേടി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കുണ്ട്. ചൊക്കനാട്, മാട്ടുപ്പെട്ടി, ലക്ഷ്മി, രാജമല, എന്നിവിടങ്ങളിലും ഏഴ് ഡിഗ്രിയായിരുന്നു താപനില. തെന്മല, ഗുണ്ടുമല,ചിറ്റുവര എന്നിവിടങ്ങളില്‍ അഞ്ചുമായിരുന്നു പുലര്‍ച്ചെ മൂന്നാറില്‍ അനുഭവപ്പെട്ട താപനില. ഇത്തവണ മഴ വിട്ടൊഴിയാത്തത് കൊണ്ടാണ് ശൈത്യ കാലം മൂന്നാറില്‍ വൈകിയത്. ശനിയാഴ്ച്ച രാവിലെ മൂന്നാറില്‍ നേരിയ തോതില്‍ മഴ പെയ്തിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ വെയില്‍ വന്നു. തെളിഞ്ഞ കാലാവവസ്ഥ വന്നതിന് പിന്നാലെയാണ് പുലര്‍ച്ചെ ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്.
ഞായറാഴ്ച്ച രാത്രിയും നല്ല തണുപ്പായിരുന്നു. മഴ മാറി നിന്നാല്‍ വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകുകയും മഞ്ഞുവീഴ്ച്ച ഉണ്ടാകാനും സാധ്യതയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഒക്ടോബര്‍ പകുതി മുതല്‍ മൂന്നാറില്‍ ശൈത്യകാലം ആരംഭിച്ചിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ താപനില മൈനസില്‍ എത്തിയിരുന്നു. അതാണ് ഇത്തവണ മഴയെ തുടര്‍ന്ന് വൈകിയത്. അതേസമയം മൂന്നാറില്‍ ഇനി സൈക്കിളിലും ഉല്ലാസ യാത്ര നടത്തി പ്രകൃതി ഭംഗം ആസ്വദിക്കാം. ഇതിനായി ഡിടിപിസി മൈ ബൈക്ക് എന്ന സംഘടനയുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ 30 സൈക്കിളാണ് മൂന്നാറിലെത്തിക്കുക. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൈക്കിള്‍ യാത്ര ചെയ്ത് പ്രകൃതിയെ അടുത്തറിയാനാണ് ഈ പദ്ധതി സൗകര്യമൊരുക്കുന്നത്. മാലിന്യ മുക്ത മൂന്നാര്‍ എന്ന ആശയം ജനങ്ങളില്‍ എത്തിക്കുന്നതോടൊപ്പം മൂന്നാറിന്റെ സൗന്ദര്യം നെറുകയിലെത്ത്ിക്കുന്നതിന് ഇത്തരം ആശയങ്ങള്‍ ഗുണകരമായേക്കും. വരുമാനത്തിനും അപ്പുറം ജനങ്ങളുടെ ആരോഗ്യ പരിപാലനം അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. മൈ ബൈക്ക് മറ്റ ്‌സംസ്ഥാനങ്ങളിലെ നിരവധി മേഖലകളില്‍ സൈക്ലിംഗ് റൈഡുകള്‍ നടത്താറുള്ള കമ്പനിയാണ്. കൊച്ചിക്ക് പുറമേ ഇപ്പോള്‍ മൂന്നാറിലുമാണ് അവര്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
അതേസമയം അന്യസംസ്ഥാനത്ത് നിന്നുള്ള വിനോദ സഞ്ചാരികളെയും പ്രതീക്ഷിച്ചിരിക്കുകയാണ് മൂന്നാര്‍. കൊവിഡിനെ തുടര്‍ന്ന് നിശ്ചലമാക്കപ്പെട്ട വ്യാപാര മേഖല ശക്തമാകാന്‍ ഇത് വഴിയൊരുക്കുമെന്നാണ് സൂചന. നേരത്തെ അവധി ദിനങ്ങളില്‍ മികച്ച തിരക്ക് മൂന്നാറിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് പ്രതിസന്ധിയുണ്ടാക്കിയത് മഴയായിരുന്നു. മഴയുമായി ബന്ധപ്പെട്ട് അലര്‍ട്ടുകള്‍ വന്നതോടെ സന്ദര്‍ശകരെ വിലക്കുന്നത് ടൂറിസം മേഖലയെ ആകെ തകര്‍ക്കുന്നതായിരുന്നു. അതേസമയം മൂന്നാറിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇപ്പോഴും വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ്. കോടികള്‍ ഇവിടെ ചെലവിട്ടിട്ടുണ്ട്. ഇവിടെയും കാര്യമായ സന്ദര്‍ശകരൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications