വിവാഹദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം
ഇടുക്കി: വിവാഹചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫേഴ്‌സിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി ജില്ലയിലെ മാങ്കുളം കൈനഗിരിയില്‍ ആണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ജെറിന്‍, നിഥിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. വധുവിന്റെ ബന്ധുക്കള്‍ തന്നെയാണ് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുഖത്തും മൂക്കിനും പരിക്കേറ്റ ജെറിന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ ജെറിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലമുള്‍പ്പെടെ തകര്‍ന്ന യുവാക്കള്‍ ചികിത്സയിലാണ്. എറണാകുളം പാലക്കുഴയിലാണ് ജെറിന്‍ താമസിക്കുന്നത്. തിങ്കളാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം. മാങ്കുളം സ്വദേശിനിയായ യുവതിയുടെയും പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനായി ഏഴംഗ സംഘമായിരുന്നു എത്തിയത്.

ജെറിനും സുഹൃത്തുക്കളും ഞായറാഴ്ച രാത്രിയില്‍ തന്നെ മാങ്കുളത്ത് എത്തിയിരുന്നു. ഇവര്‍ക്ക് മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ താമസവും ഒരുക്കിയിരുന്നു. ഇവരുടെ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ അടക്കം മറ്റ് ചിലരെത്തി മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിക്കുകയും ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനോട് കൂടി പങ്ക് വെക്കുകയും ചെയ്തു.
ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഫോട്ടോഗ്രാഫേഴ്‌സ് മടങ്ങിയതിന് പിന്നാലെ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ എത്തുകയായിരുന്നു. കല്ലാര്‍ മാങ്കുളം റോഡില്‍ കൈനഗിരി ഗോമതിക്കടക്ക് സമീപം വെച്ച് ഫോട്ടോഗ്രാഫേഴ്‌സിന്റെ വാഹനം തടഞ്ഞ് നിര്‍ത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ജെറിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന ജെറിന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കാറിന്റെ ഡോര്‍ വലിച്ച് തുറക്കാന്‍ ശ്രമിക്കുന്നതും അസഭ്യ വര്‍ഷം നടത്തുന്നതും പിന്നീട് ജെറിനെ ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിഥിന്റെ പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാങ്കുളം സ്വദേശിയായ യദു എന്നയാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ഫോട്ടോഗ്രാഫേഴ്‌സ് സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി ഒരു പരാതി കൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വിശദമായ മൊഴി ലഭിച്ചതിന് ശേഷം മാത്രമെ കേസെടുക്കൂ എന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications