'വന്‍കിടക്കാരുടെ കൈയേറ്റം ആദ്യം ഒഴിപ്പിക്കൂ, എന്നിട്ട് മതി ചെറുകിട കൈയേറ്റം'; ദൗത്യസംഘത്തോട് സിപിഎം
ഇടുക്കി: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനെതിരെ സി പി എം രംഗത്ത്. മൂന്നാര്‍ ദൗത്യ സംഘം ചെറുകിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സംഘടിപ്പിച്ച് സമരത്തിന് ഒരുങ്ങുകയാണ് സി പി എം. ഇതിന്റെ ആദ്യപടിയെന്നോണം ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കാനിരിക്കുകയാണ് സി പി എം.
ഇത് അവഗണിച്ച് കൈയേറ്റം ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ ജനങ്ങളെ ഇറക്കി തടയാനാണ് സി പി എം ആലോചിക്കുന്നത്. വര്‍ഷങ്ങളായി കൈവശ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന 188 പേര്‍ കൈയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സി പി എമ്മിന്റെ വാദം. കൈയേറ്റമാരോപിച്ച് കുടിയിറക്കിയതില്‍ മൂന്ന് പേര്‍ ഇത്തരത്തിലുള്ളവരാണെന്നും സി പി എം പറയുന്നു.

പേര് വെളിപ്പെടുത്താത്ത 17 പേര്‍ ഉള്‍പ്പെടെ 35 വന്‍കിട കൈയേറ്റങ്ങള്‍ കളക്ടര്‍ കോടതിക്ക് നല്‍കിയ പട്ടികയില്‍ ഉണ്ട്. ഇവരുടെ കൈവശം മാത്രം 200 ലധികം ഏക്കര്‍ ഭൂമിയുണ്ട്. ഇത് ആദ്യം ഒഴിപ്പിക്കണമെന്നാണ് സി പി എം നിലപാട്. അഞ്ച് സെന്റ് മുതല്‍ നാല് ഏക്കര്‍ വരെയുള്ളവരെ ഒഴിപ്പിക്കുവാന്‍ പാടില്ലെന്നും ഒഴിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം എന്നും സി പി എം ആവശ്യപ്പെടുന്നുണ്ട്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാകുന്നത് വരെ ചെറുകിട കര്‍ഷകരെ ഒഴിപ്പിക്കുന്നത് പൂര്‍ണമായി നിര്‍ത്തിവെക്കണം എന്നാണ് സി പി എമ്മിന്റെ ആവശ്യം. മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ എം എം മണി അടക്കമുള്ള സി പി എം ജില്ലാ നേതാക്കളുടെ പിന്തുണയും കൈയേറ്റമൊഴിപ്പിക്കലിനെതിരെയുള്ള ഭൂസംരക്ഷണ സമിതിക്കുണ്ട്.
അനധികൃത ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉത്തരവായ കേസുകളില്‍ പട്ടയം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ഒഴികെയുള്ള അനധികൃത കൈയേറ്റം ഒഴുപ്പിക്കുന്നതിനാണ് റവന്യൂ വകുപ്പ് ദൗത്യ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സി പി എം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ദൗത്യ സംഘത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം ജില്ല പൊലീസ് മേധാവി നല്‍കണം എന്ന് റവന്യു വകുപ്പ് ഉത്തരവിട്ടുണ്ട്. ഇത് പ്രകാരമാണ് നടപടി തുടരുന്നത്. കളക്ടര്‍ കോടതിക്ക് നല്‍കിയ പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ കോടതി ഉത്തരവുള്ളവരെ കുടിയിറിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം എന്നാണ് അറിയുന്നത്.












Click it and Unblock the Notifications