ബലാല്‍സംഗം സ്ഥിരീകരിച്ചു; 15കാരിയെ ആക്രമിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍, 2 കൗമാരക്കാര്‍
തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ 15കാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായി എന്ന് പോലീസ് സ്ഥിരീകരിച്ചു. നാലു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് തെളിയുന്നത്. നാലു പേരുട അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവരെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു എങ്കിലും രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുവേല്‍ ശ്യാം, അരവിന്ദ് കുമാര്‍ എന്നിവരെ കൂടാതെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുമാണ് അറസ്റ്റിലായത്. കൗമാരക്കാരെ ജുവനൈല്‍ നിയമം പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. മറ്റു രണ്ടു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പോലീസ് സൂചിപ്പിച്ചു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കറുപ്പുസ്വാമി അറിയിച്ചു.

ഇതര സംസ്ഥാനക്കാരിയാണ് പെണ്‍കുട്ടി. ആണ്‍ സുഹൃത്തിനൊപ്പം പൂപ്പാറയില്‍ സ്ഥലങ്ങള്‍ കാണാന്‍ എത്തിയതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്. ഇവിടെയുള്ള തോട്ടത്തില്‍ ജോലിക്കാരാണ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും. ഞായറാഴ്ച വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് മധ്യപ്രദേശുകാരനാണ്. ഇയാളും തോട്ടത്തിലെ ജോലിക്കാരനാണ്. ഇയാള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങിയത്. ബെവ്‌കോയില്‍ നിന്ന് ആണ്‍ സുഹൃത്ത് മദ്യം വാങ്ങിയെന്ന് പോലീസ് കണ്ടെത്തി.
മദ്യ കഴിക്കാന്‍ തേയില തോട്ടത്തിലേക്ക് മാറിയിരുന്ന വേളയിലാണത്രെ അക്രമികള്‍ എത്തിയത്. സദാചാരപരമായ ചോദ്യങ്ങള്‍ ഉന്നയിച്ച ശേഷം ആണ്‍ സുഹൃത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് തേയില തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. മറ്റു ചിലര്‍ ബഹളം വച്ചതോടെ പ്രതികള്‍ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം തുടങ്ങിയ വേളയില്‍ തന്നെ പ്രതികള്‍ നാട്ടുകാരാണ് എന്ന് ബോധ്യമായിരുന്നു. തുടര്‍ന്നാണ് ചിലരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിക്കാന്‍ തീരുമാനിച്ചു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കും. ശാന്തന്‍പാറ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഖജനപ്പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അതിര്‍ത്തി പ്രദേശമായതിനാല്‍ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മറ്റു രണ്ടുപേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്നും അഭ്യൂഹമുണ്ട്.












Click it and Unblock the Notifications