ഇടുക്കിയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു; 5 വര്‍ഷം കൊണ്ട് അരക്കോടി രൂപയുടെ നഷ്ടം
തൊടുപുഴ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്യമൃഗ ശല്യം മൂലം ഇടുക്കി ജില്ലയില്‍ ഉണ്ടായത് കനത്ത നാശനഷ്ടം. 47.24 ലക്ഷം രൂപയുടെ കൃഷിനാശമാണ് ജില്ലയില്‍ ഉണ്ടായത്. 2019 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ 28 ഹെക്ടറിലായി 4724226 കോടി രൂപയുടെ കൃഷിയാണ് നശിച്ചത്. നശിച്ചവയില്‍ കൂടുതലും വാഴ, കരിമ്പ്, കുരുമുളക്, റബര്‍, തെങ്ങ്, ഏലം എന്നിങ്ങനെയുള്ള കൃഷികളാണ്.
കാന്തല്ലൂര്‍, മാങ്കുളം, മന്നാം കണ്ടം, മറയൂര്‍, ചക്കുപള്ളം, ഉപ്പുതറ, വണ്ടന്‍മേട്, അണക്കര, കാഞ്ചിയാര്‍ എന്നീ മേഖലകളിലാണ് കൂടുതലും കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന ഹൈറേഞ്ചിലെ കര്‍ഷകരുടെ ജീവിതം ഇതോടെ ദുരിതത്തില്‍ ആയിരിക്കുകയാണ്. വന്യ മൃഗങ്ങളുടെ ശല്യമില്ലായിരുന്നെങ്കില്‍ കൃഷി ആദായകരമാകുമെന്നാണ് കര്‍ഷകരുടെ പക്ഷം.

കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണം മൂലമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് വന്യ മൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ വന്യജീവി ആക്രമണത്തില്‍ ജീവഹാനി, പരിക്ക്, വീട് നാശം, വളര്‍ത്ത് മൃഗങ്ങളുടെ നഷ്ടം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവയും സംഭവിച്ചിട്ടുണ്ട്.
ഹൈറേഞ്ചില്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ജനങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. കടകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ കാട്ടാനകള്‍ തകര്‍ക്കുന്നതും പതിവായിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ പകല്‍പോലും കാട്ടാന ഇറങ്ങി ഭീതി വിതക്കുന്ന സാഹചര്യമാണ്. കാട്ടാനയില്‍ നിന്ന് രക്ഷ നേടാന്‍ പലരും വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്തിരിക്കുകയാണ്.
വന്യ മൃഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ച് പോകുന്ന സാഹചര്യവും ഉണ്ട്. ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ നാട് കടത്തിയെങ്കിലും ചക്കക്കൊമ്പനാണ് ഇപ്പോള്‍ ഭീതി പരത്തുന്നത്. മാട്ടുപ്പെട്ടിയിലും മറയൂരിലും വനാതിര്‍ത്തിക്ക് സമീപം കാട്ടുപോത്ത് സ്ഥിരമായി ഇറങ്ങുന്നതും ആശങ്ക സൃഷ്ടിക്കുന്നു. പ്രദേശവാസികളുടെ പരാതി പരിഗണിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ ആന കാടു കയറിയെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം ആന ഉള്‍ക്കാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തും വനം വകുപ്പും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications